കാലവർഷം അതിശക്തം; 15 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം; കേരളത്തിലും കനത്തമഴ; ഒരു മരണം മൂന്ന് പേരെ കാണാതായി

തിരുവനന്തപുരം: രാജ്യത്തൊട്ടാകെ കാലവർഷകെടുതികൾ തുടരുന്നു. 15 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പ്രഖ്യപിച്ചു. കാലവർഷകെടുതിയിൽ വ്യാപക നാശനഷ്ടമാണ് ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുപിയിൽ മഴക്കെടുതിയിൽ 7 പേർ മരിച്ചു. ഹിമാചൽ പ്രദേശിലും  പ്രളയക്കെടുതിക്ക് ശമനമില്ല. സംസ്ഥാനത്തും മഴദുരിതം തുടരുകയാണ്. മലയോര മേഖലകളിലും തീരദേശത്തുമാണ് കൂടുതൽ മഴക്കെടുതി ഉണ്ടായിട്ടുള്ളത്. കണ്ണൂർ പട്ടുവത്ത് തോട്ടിൽ വീണ് വൃദ്ധ മരിച്ചു.അരിയിൽ നാരായണി ആണ് മരിച്ചത്. തിരുവനന്തപുരത്ത് തുമ്പയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വയനാട് അമ്പലവയലില്‍ ഒരു വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ കാണാതായിട്ടുണ്ട്‌. കോഴിക്കോട് ബാലുശ്ശേരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ കാണാതായി. സംസ്ഥാനത്തു നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌ പ്രഖ്യാപിച്ചു. കോഴിക്കോട്‌, കണ്ണൂര്‍,കാസ‍‍ർകോട്, വയനാട്‌ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധിയാണ്‌.  പാലക്കാട് ചെർപ്പുള്ളശ്ശേരിയിൽ ചുഴലിക്കാറ്റിൽ 15 ഓളം വീടുകൾ ഭാഗികമായി തകർന്നു.വനം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും തേക്ക് മരം വീണ്ട് രണ്ട് വീടുകൾ തകർന്നിട്ടുണ്ട്. കണ്ണൂരിലും കനത്ത മഴയിൽ വീട് തകർന്നു. ചക്കരക്കൽ കമ്മ്യൂണിറ്റി ഹാളിന് സമീപം കുന്നുമ്പ്രം പരേതനായ പ്രവീണിന്‍റെ ഭാര്യ അജിതയുടെ വീടാണ് തകർന്നത്. പുലർച്ചെയായിരുന്നു സംഭവം. അജിതയും കുടുംബവും രാത്രി തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.  4 ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കാസര്‍കോടും മഴകെടുതി രൂക്ഷം

കാസർകോട് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ് ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു  അമേയ്‌ വയല്‍ വെള്ളത്തിനടിയിലായിട്ടുണ്ട്‌. തൃക്കണ്ണാട്ട്‌ കടലാക്രമണത്തില്‍ ഒരു മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചു സ്ഥാപിച്ച താല്‍ക്കാലിക തടയണ കടലിലെടുത്തു. കടലാക്രമണം രൂക്ഷമായതില്‍ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളികള്‍ തൃക്കണ്ണാട്ടു റോഡ്‌ ഉപരോധിച്ചു. കരിന്തളം കീഴ്‌മാലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു 20 പേരെ മാറ്റിപ്പാര്‍പ്പിച്ചു.ബദിയഡുക്ക, മുന്നാട്‌, കുറ്റിക്കോല്‍, കരിവേടകം മേഖലകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page