തിരുവനന്തപുരം: ഇക്കുറി എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആർക്കൊക്കെ കിറ്റ് നൽകണമെന്നതിൽ അന്തിമ തീരുമാനം എടുത്തില്ലെന്നും കൊവിഡ് കാലത്തും അതിന് ശേഷവും കിറ്റ് നൽകിയത് പോലെ നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.എല്ലാവർക്കും കിറ്റ് കൊടുക്കുക എന്നത് മുൻപ് ഉണ്ടായിരുന്ന രീതിയല്ലെന്നും ഓണക്കാലം നന്നായി മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി. ഓണചിലവുകൾക്കായി സർക്കാർ കടമെടുക്കേണ്ട സാഹചര്യമാണ് ഉളളത്.സംസ്ഥാനത്തിന്‍റെ കടമെടുപ്പിന് പരിധിയുണ്ട്.കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകണം. അല്ലാത്തപക്ഷം കേന്ദ്രം നൽകുന്ന നികുതി വിഹിതം വർധിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് മുൻപ് ലഭിച്ചിരുന്ന നികുതി വരുമാനം ഇപ്പോൾ ലഭിക്കുന്നില്ല. അത് ലഭിച്ചിരുന്നെങ്കിൽ 20,000 കോടി അധിക വരുമാനം ഉണ്ടാകുമായിരുന്നെന്നും മന്ത്രി പറയുന്നു.കടമെടുപ്പ് കുറക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സുപ്രീം കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.