ഏക സിവില്‍കോഡ്; ലീഗിന്‍റെ നേതൃത്വത്തിലുള്ള മുസ്ലീംകോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറിലേക്ക്‌ സിപിഎമ്മിനും ക്ഷണം; രാഷ്‌ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ച

കോഴിക്കോട്‌: ഏക സിവില്‍കോഡിനെതിരെ മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക്‌ സിപിഎമ്മിനും,ജമാഅത്തെ ഇസ്ലാമിക്കും ക്ഷണം. ഈ മാസം 26നാണ്‌ കോഴിക്കോട്‌ മുസ്ലീംലീഗിന്റെ നേതൃത്വത്തിലുള്ള കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാര്‍ നടത്തുന്നത്‌. സിപിഎം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളെയും സംഘടനകളെയും സെമിനാറിലേക്ക്‌ ക്ഷണിച്ചിട്ടുണ്ടെന്ന്‌ മുസ്ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. സെമിനാര്‍ സംഘാടക സമിതിയാണ്‌ മറ്റു പാര്‍ട്ടികളെ ക്ഷണിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. ‘ഏക സിവിൽ കോ‍ഡ് ധ്രുവീകരണ അജൻഡയുടെ കാണാപ്പുറങ്ങൾ’ എന്ന പേരിലാണ് ലീഗ് സെമിനാർ.

  ഏകസിവില്‍കോഡ് വിഷയം ചര്‍ച്ചയായതോടെ മുസ്ലീം കോ-ഓര്‍ഡിനേഷൻ യോഗം ചേര്‍ന്ന്‌  സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മുസ്ലീംലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളാണ്‌ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസിഡണ്ട്‌. ജമാഅത്ത്‌ ഇസ്ലാമി അടക്കം കേരളത്തിലെ മുഴുവന്‍ മുസ്ലീംസംഘടനകളും ഇതില്‍ അംഗമാണ്‌. ഏക സിവില്‍കോഡിനെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളെയും സെമിനാറിലേക്ക്‌ ക്ഷണിക്കാൻ അന്നു തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സിപിഎം സംഘടിപ്പിച്ചിരുന്ന സെമിനാറില്‍ മുസ്ലീംലീഗ്‌ പങ്കെടുത്തിരുന്നില്ല. അടുത്തിടെ കോഴിക്കോട്‌ നടത്തിയ സെമിനാറിലേക്ക്‌ ക്ഷണിച്ചിരുന്നുവെങ്കിലും ലീഗ്‌ ക്ഷണം നിരസിക്കുകയായിരുന്നു. ഇത്‌ വലിയ ചര്‍ച്ചയ്‌ക്ക്‌ ഇടയാക്കുകയും ചെയ്തു.

 ലീഗിനെ പിന്തുണക്കുന്ന ഇ.കെ.സമസ്‌തയാകട്ടെ സിപിഎം സെമിനാറില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. അതേസമയം മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ സെമിനാറിലേക്ക്‌ ക്ഷണിക്കാതെ സിപിഎം അകറ്റിനിര്‍ത്തി. കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി ക്ഷണം സ്വീകരിച്ച സിപിഎം  തങ്ങളുടെ പ്രതിനിധിയെ സെമിനാറിലേക്ക്‌ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്‌ടർ കെ.ടി.കുഞ്ഞിക്കണ്ണനാണ്‌ പങ്കെടുക്കുക. പാര്‍ട്ടി കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി.മോഹനനാണ്‌ ഇക്കാര്യമറിയിച്ചത്‌. എന്നാല്‍ അകറ്റിനിര്‍ത്തിയ ജമാഅത്തെ ഇസ്ലാമിയുമായും വിട്ടുനിന്ന മുസ്ലീംലീഗുമായും വേദി പങ്കിടാനുള്ള സിപിഎം തീരുമാനം രാഷ്‌ട്രീയകേന്ദ്രങ്ങളില്‍ വലിയ ചർച്ചയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page