മണിപ്പൂർ: മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ 3 പേർ കൂടെ അറസ്റ്റിൽ.ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവത്തിലെ പ്രധാന പ്രതി ഹൂയ് രേം ഹിറോദാസ് മെയ്തി എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളുടെ വീടിന് ജനക്കൂട്ടം തീവെച്ചു. സ്ത്രീകളടങ്ങിയ സംഘമാണ് വീട് തീവെച്ചത്. മണിപ്പൂരിലെ ആക്രമ സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കൂടുതൽ പ്രതികളെ പൊലീസ് ചെയ്തത്. മുഖ്യമന്ത്രി ബീരേൻ സിങ് ആണ് കൂടുതൽ പ്രതികൾ അറസ്റ്റിലായ വിവരം അറിയിച്ചത്.അതേ സമയം ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ 70 ദിവസം മുൻപ് ഉള്ളതാണെന്നാണ് പുറത്ത് വരുന്ന വിവരം. കലാപത്തെ തുടർന്ന് മണിപ്പൂരിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്കുണ്ടായിരുന്നു. മണിപ്പൂർ കലാപം തുടർച്ചയായ രണ്ടാം ദിവസം പാർലമെന്‍റിന്‍റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കി.ചർച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയും സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സ്വകരിച്ച നടപടി സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
