കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. കോട്ടയം നഗരിയില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് കാത്തുനില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്നാരംഭിച്ച വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോട്ടത്ത് എത്തിയത്. വഴിയോരങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് പ്രിയപ്പെട്ട പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്. തിരുനക്കര മൈതാനിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങൾ കാത്തുനില്‍ക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി സെന്‍റ് ജോർജ്ജ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിക്കാനും 5 മണിയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. രാത്രി എത്ര വൈകിയാലും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. പള്ളിയില്‍ എത്തുന്ന ഏതൊരാള്‍ക്കും ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളി അധികൃതർ അറിയിച്ചു.
സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. സംഘം കോട്ടയത്തേക്കു തിരിച്ചു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്കാര ചടങ്ങിനെത്തും.
അന്ത്യോപചാരം അർപ്പിക്കാൻ താരങ്ങൾ കോട്ടയത്ത്
മമ്മുട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയില്‍ ഉമ്മന്‍ചാണ്ടിയെ കാത്തുനില്‍ക്കുകയാണ്.
സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചുതന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയെന്നാണ് നടന്‍ മമ്മൂട്ടി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചത്. ‘ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്നേഹത്തിനുള്ളതാകുമെന്നും മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.