കാഞ്ഞങ്ങാട്: അത്തിക്കോത്ത് എസി നഗര്‍ ആദിവാസി കോളനി കോളനിയ്ക്ക് സമീപം സിപി.എം പ്രവര്‍ത്തകന് കുത്തേറ്റു. അത്തിക്കോത്ത് ഫസ്റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമായ ചേരിക്കല്‍ വീട്ടില്‍ കൃഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും കുത്തേറ്റ കൃഷ്ണനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ അക്രമിസംഘം ബിയര്‍ ബോട്ടില്‍ തലയടിച്ച് പൊട്ടിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച സഹോദരന്‍ ഉണ്ണിക്കും അമ്മ ഗൗരിക്കും പരിക്കേറ്റിണ്ട്. അത്തിക്കോത്ത് എസി നഗര്‍ കോളനിയിലെ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന യുവാക്കള്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ റോഡിലൂടെ ബൈക്കില്‍ ഇരച്ചെത്തിയസംഘം, നാട്ടുകാരോട് പ്രകോപനത്തിന് മുതിര്‍ന്നിരുന്നു. ഉച്ചയോടെ വീണ്ടുമെത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അക്രമികളില്‍ നാലുപേരെ നാട്ടുകാര്‍ പിടികൂടി ഹൊസ്ദുര്‍ഗ് പൊലീസിനെ ഏല്‍പ്പിച്ചു. കേസില്‍ നാലു ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. സുജിത്, സുധീഷ്, രാഹുല്‍, ഷിജു എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റു ചെയ്തത്. രണ്ടുപേരെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ്‌മോഹന്‍, ഏരിയാക്കമ്മിറ്റി അംഗം എം രാഘവന്‍ അതിയാമ്പൂര്‍, രതീഷ് നെല്ലിക്കാട്ട്, സുജിത് നെല്ലിക്കാട്ട്, വിപിന്‍ ബല്ലത്ത് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.