കാസര്‍കോട്: കോടികളുടെ തട്ടിപ്പ് നടത്തി ആത്മീയതയുടെ മറവില്‍ അഭയം തേടിയ നൂറോളം കേസുകളിലെ പ്രതി നാടകീയമായി അറസ്റ്റില്‍. പെരുമ്പള, മേലത്ത് കുഞ്ഞിച്ചന്തു നായരെ(60)ആണ് അമ്പലത്തറ പൊലീസ് ഗുരുപുരത്തു വച്ച് അറസ്റ്റു ചെയ്തത്.
കോട്ടയം ആസ്ഥാനമായുള്ള ‘സിക് സെക്ട് ഐ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം ഇടപാടുകാര്‍ക്ക് തിരികെ നല്‍കാതെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നുവെന്നാണ് കേസ്. 18 ശതമാനം വരെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നു നിക്ഷേപമായി വാങ്ങിയത്. നീലേശ്വരത്ത് ഓഫീസ് തുറത്താണ് ജില്ലയില്‍ നിന്നു ഇടപാടുകാരെ ചേര്‍ത്തത്. 2018ല്‍ നീലേശ്വരം പൊലീസാണ് കുഞ്ഞിച്ചന്തു നായര്‍ക്കെതിരെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നു പൊലീസ് കുഞ്ഞിച്ചന്തു നായരെ അറസ്റ്റു ചെയ്തു. പിന്നീട് സ്ഥാപനം പൂട്ടി. ഇതോടെയാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികള്‍ പ്രവഹിച്ചത്. അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ മാത്രം 60 കേസുകളുണ്ട്. ഹൊസ്ദുര്‍ഗില്‍ ഒരു ഡസന്‍ കേസുകളിലും കുഞ്ഞിച്ചന്തു നായര്‍ പ്രതിയാണ്. എല്ലാ കേസുകളിലും ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു.
കുഞ്ഞിച്ചന്തു നായര്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടെന്നും ഒരു പുരോഹിതന്റെ അനുയായിയായി കഴിയുന്നുണ്ടെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. അങ്ങോട്ടേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് പ്രതി നാടകീയമായി അമ്പലത്തറയില്‍ എത്തിയത്. പ്രതിയുടെ സ്വത്തുവകകള്‍ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കോട്ടയം സ്വദേശിയായ വൃന്ദാരാജേഷ് ആണ് കേസിലെ ഒന്നാം പ്രതി. നീലേശ്വരം സ്വദേശിനിയായ യുവതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
