മലയാളമറിയാത്ത മറാഠിപെണ്‍കുട്ടി മലയാളം അധ്യാപികയായി…

0
104


ഒരു വെളുത്തുതടിച്ച ഏകദേശം 8 വയസ്സുപ്രായം തോന്നിക്കുന്ന പെണ്‍കുട്ടി അമ്മമ്മയുടെ കൈയ്യും പിടിച്ച്‌ കുണുങ്ങികുണുങ്ങി ചിരിച്ച്‌ സ്‌കൂള്‍ ഗേറ്റ്‌ കടന്നു വരുന്നു.
ഇവളെ മൂന്നാം ക്ലാസില്‍ ചേര്‍ക്കണം മാഷേഇപ്പോള്‍ മാര്‍ച്ച്‌ മാസമായില്ലേ ഇനി അടുത്തകൊല്ലം ചേര്‍ക്കാം.ഇപ്പോള്‍ തല്‍ക്കാലം മൂന്നാം ക്ലാസില്‍ ഇരുത്താം.
പേരെന്താ മോളൂ?.
പുഷ്‌പ?
അമ്മമ്മ ഇടപ്പെട്ടു ?ഇവള്‍ ബോംബെയിലാണ്‌ ജനിച്ചതും മൂന്നാം ക്ലാസ്‌ വരെ പഠിച്ചതും. മലയാളം ഒട്ടും അറീല്ല, മാഷൊന്ന്‌ ശ്രദ്ധിക്കണേ.
ഓ അത്‌ ഞാനേറ്റു. മൂക്കുത്തി കുത്തിയ, ഇരുഭാഗത്തേക്കും മുടി പിന്നിക്കെട്ടിയ, മലയാളം എഴുതാനോ വായിക്കാനോ,സംസാരിക്കാനോ കഴിയാത്ത അവളെ മൂന്നാം ക്ലാസില്‍ കൊണ്ടിരുത്തി. ക്ലാസിലെ മറ്റുകുട്ടികള്‍ക്കൊക്കെ ഇവളൊരു അത്ഭുതക്കാഴ്‌ചയായി. എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം ഹിന്ദിയില്‍ ഒറ്റവാക്കില്‍ മാത്രം ?നഹി? അല്ലെങ്കില്‍ ?ഹാം?.
ഡാന്‍സ്‌ ചെയ്യാനറിയോ?. അവള്‍ തലയാട്ടി. ക്ലാസ്സിലെ മേശമേല്‍ കയറ്റി നിര്‍ത്തി. അവള്‍ സ്വയം പാട്ടുപാടി. ഡാന്‍സ്‌ ചെയ്‌തു. ആദ്യദിവസം തന്നെ അവള്‍ കൂട്ടുകാരെയെല്ലാം കൈയ്യിലെടുത്തു. നല്ല കയ്യടി കിട്ടി.
ക്ലാസ്സില്‍ വരാന്‍ അവള്‍ക്ക്‌ താല്‍പര്യമായി. മലയാളം കുറേശ്ശേ കുറേശ്ശെ സംസാരിക്കാന്‍ പഠിച്ചു. ‘നമുക്കു കളിക്കാം’ എന്നൊന്നും പറയാന്‍ അറിയില്ലായിരുന്നു. ‘എനക്കും നിനക്കും കളിക്കാം’ ഇങ്ങനെയായിരുന്നു ആദ്യ സംസാരം.
ഒരു മാസം കൊണ്ട്‌ മലയാള അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിച്ചു. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പിടിച്ചെടുക്കാനുളള കഴിവുണ്ടായിരുന്നു അവള്‍ക്ക്‌.
സംഭവം നടക്കുന്നത്‌ 1972ല്‍ കരിവെളളൂര്‍ നോര്‍ത്ത്‌ യു.പി. സ്‌ക്കൂളിലാണ്‌. ഞാന്‍ പ്രസ്‌തുത സ്‌ക്കൂളില്‍ അധ്യാപകനായി ചേര്‍ന്നിട്ട്‌ രണ്ടു വര്‍ഷം ആയതേയുളളൂ. പുഷ്‌പയെ മലയാളം പഠിപ്പിക്കുക എന്നതെനിക്കൊരു ഹരമായി മാറി. അവളുടെ പാട്ടുകേള്‍ക്കാന്‍, നൃത്തം കാണാന്‍, തപ്പിത്തടഞ്ഞ്‌ മലയാളം വാക്കുകള്‍ പറയുന്നത്‌ കേള്‍ക്കാന്‍ രസമായിരുന്നു എനിക്ക്‌. മാര്‍ച്ച്‌ മാസം അവസാനിക്കാറായി. അതിനിടയില്‍ ഒരു ദിവസം അവളുടെ വല്ല്യമ്മ വന്നു എന്നെക്കാണാന്‍.
സ്‌ക്കൂള്‍ അവധിക്കാലത്ത്‌ ഇവളെയൊന്ന്‌ ശ്രദ്ധിച്ച്‌ മലയാളം പഠിപ്പിക്കാന്‍ മാഷ്‌ സഹായിക്കുമോ??.
ഓ… തീര്‍ച്ചയായും?. ഞാന്‍ സമ്മതിച്ചു. അവരുടെ വീട്ടില്‍ ചെന്ന്‌ ദിവസം ഒരു മണിക്കൂര്‍ വീതം പഠിപ്പിക്കാമെന്നേറ്റു.
വീട്ടില്‍ ചെന്നപ്പോള്‍ പുഷ്‌പയെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കി. മഹാരാഷ്‌ട്രയില്‍ ലോറി ഡ്രൈവറാണ്‌ അച്ഛന്‍. അവിടെ ഗേവറായ്‌ എന്ന ഗ്രാമത്തിലെ സ്‌ക്കൂളിലാണ്‌ മൂന്നാം ക്ലാസ്സുവരെ പഠിച്ചത്‌. ഒരു ചേട്ടനുണ്ട്‌. ശ്യാം സുന്ദര്‍. അമ്മ ലക്ഷ്‌മി.
കേരളത്തില്‍ വന്ന്‌ മലയാളം പഠിക്കട്ടെ എന്ന ആഗ്രഹത്തിലാണ്‌ മക്കളെ നാട്ടിലേക്കയച്ചത്‌. അങ്ങനെയാണ്‌ കരിവെളളൂര്‍ മണക്കാട്ടുളള അമ്മമ്മ ‘ചിരി’യുടെ കൂടെ താമസിച്ചുവരുന്നത്‌.ചിരിയമ്മയ്‌ക്ക്‌ പ്രായമായി. വയ്യാതാണെങ്കിലും നൂല്‌ ചുറ്റിയാണ്‌ ജീവിതത്തിനുളള വഴി കണ്ടെത്തിയത്‌. ഒറ്റമുറി വീട്ടിലാണ്‌ അവര്‍ താമസിച്ചിരുന്നത്‌. ദാരിദ്ര്യാവസ്ഥയാണെങ്കിലും കുട്ടിക്ക്‌ ക്ലാസ്സെടുത്തു കഴിയുമ്പോള്‍ എനിക്ക്‌ ചായയും പലഹാരവും കൃത്യമായി തരുമായിരുന്നു.
ഏപ്രില്‍, മേയ്‌ മാസം കൊണ്ട്‌ അവള്‍ക്ക്‌ മലയാളം കൃത്യമായി എഴുതാനും വായിക്കാനും പഠിപ്പിച്ചു. അടുത്ത വര്‍ഷം നാലാം ക്ലാസ്സില്‍ എത്തിയാല്‍ പ്രസ്‌തുത ക്ലാസ്സിലെ മലയാളം പാഠപുസ്‌തകം നല്ലപോലെ വായിക്കാനുളള കഴിവും നേടിക്കൊടുത്തു.നാലാം ക്ലാസ്സിലെത്തിയ പുഷ്‌പ മറ്റുളളവരെയൊക്കെ കടത്തിവെട്ടി ഒന്നാം സ്ഥാനക്കാരിയായി. അവളെ ഭാഷ പഠിപ്പിച്ചത്‌ പുതിയ രീതിയിലല്ല, പഴയ രീതിയില്‍ തന്നെ. ആവശ്യബോധം ഉണ്ടായാല്‍ ക്ലാസ്സ്‌ രസകരമാക്കി. കളിയിലൂടെയും കഥയിലൂടെയും ഒന്നും പഠിപ്പിക്കേണ്ട; നേരിട്ട്‌ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്താല്‍ തന്നെ മതിയെന്ന്‌ പുഷ്‌പയെ പഠിപ്പിച്ച രീതിയില്‍ നിന്ന്‌ ഞാന്‍ തിരിച്ചറിയുന്നു.
മറാഠി ഭാഷ സംസാരിക്കുന്ന മലയാളമറിയാത്ത പെണ്‍കുട്ടി ഇന്ന്‌ മലയാളം പഠിപ്പിക്കുന്ന അധ്യാപികയായി മാറിയിരിക്കുന്നു. മഹാരാഷ്‌ട്രയിലെ ഏതോ കൊച്ചുഗ്രാമത്തില്‍ മറാഠിക്കാരിയായ വീട്ടമ്മയായി ജീവിതം തളളിനീക്കേണ്ടിവരുമായിരുന്ന പുഷ്‌പ ആത്മവിശ്വാസവും, ആത്മധൈര്യവും മൂലം മലയാളി വീട്ടമ്മയായി അധ്യാപികയായി ജീവിതം നയിക്കുകയാണിന്ന്‌.
ഉണങ്ങി വരണ്ട ഒട്ടിയ വയറുമായി കൊച്ചുമകളെ പഠിപ്പിച്ചു മുന്നോട്ടെത്തിക്കാന്‍ പാടുപെട്ട ചിരിയമ്മ ഇന്നില്ല. അവരുടെ നന്മ നിറഞ്ഞ ആത്മാവ്‌ കൊച്ചുമകളുടെ ഉയര്‍ച്ചയില്‍ ആനന്ദനിര്‍വൃതി കൊളളുന്നുണ്ടാവും. മലയാളം അറിയാതിരുന്ന പെണ്‍കുട്ടി ഭാഷ പഠിച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 456 മാര്‍ക്ക്‌ നേടി. മലയാളത്തില്‍ത്തന്നെ ഡിഗ്രിയും, ബി.എഡും വിജയിച്ചു. ഇപ്പോള്‍ തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. താന്‍ നടന്നുവന്ന വഴി കൃത്യമായി ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ തന്റെ കര്‍മ്മപഥത്തില്‍ തെളിമയോടെ പ്രവര്‍ത്തിക്കുകയും മാനസികസായൂജ്യം നേടുകയും ചെയ്യുന്നു പുഷ്‌പ ടീച്ചര്‍.
തന്റെ പഠനത്തില്‍ ഉയര്‍ച്ചയില്‍ വായനാശീലം കാര്യമായ സ്വാധീനം ചെലുത്തുയിട്ടുണ്ടെന്ന്‌ പുഷ്‌പ പറയുന്നു. കരിവെളളൂര്‍ ഏവണ്‍ ലൈബ്രറിയും അന്നത്തെ ലൈബ്രേറിയനായിരുന്ന കെ.പി. അമ്പുക്കുഞ്ഞി മാഷെയും പുഷ്‌പ നന്ദിയോടെ സ്‌മരിക്കുകയാണ്‌.
ദിവസം ഒരു പുസ്‌തകമെങ്കിലും വായിച്ചു തീര്‍ത്തിട്ടേ കിടന്നുറങ്ങാറുളളൂ. പരീക്ഷാത്തലേന്നുപോലും ഗ്രന്ഥശാലയില്‍നിന്ന്‌ പുസ്‌തകമെടുത്തും വായിച്ചുമാണ്‌ പരീക്ഷയ്‌ക്ക്‌ പോയിരുന്നത്‌. അതാണ്‌ മലയാളത്തിനോട്‌ അത്രയേറെ പ്രണയം തുടിക്കാന്‍ കാരണം. മലയാളം അക്ഷരം പഠിപ്പിക്കാനും, വാക്കുകള്‍ കൂട്ടി വായിക്കാനും, അക്ഷരസ്‌ഫുടതയോടെ സംസാരിപ്പിക്കാനും പ്രചോദനമേകിയത്‌ റഹ്‌മാന്‍ മാഷും, അതിനെ പരിപോഷിപ്പിക്കാന്‍ ഇടയാക്കിയത്‌ കരിവെളളൂരിലെ ഏവണ്‍ ലൈബ്രറിയുമാണെന്ന്‌ പുഷ്‌പ തറപ്പിച്ച്‌ പറയുന്നു.
ഇന്ന്‌ തളിപ്പറമ്പ്‌ ടൗണില്‍ സ്വന്തം ഭവനത്തില്‍ സസുഖം ജീവിതം നയിക്കുന്നു പുഷ്‌പ. ഓഡിറ്റ്‌ വിഭാഗത്തില്‍ ജോലി നോക്കുന്ന പ്രേം മോഹനാണ്‌ ഭര്‍ത്താവ്‌. മകള്‍ മേഘ ജര്‍മനിയില്‍ ഐ.ടി. മേഖലയില്‍ ജോലി നോക്കുന്നു. മകന്‍ ഗൗതം ഗള്‍ഫില്‍ എഞ്ചിനീയറാണ്‌. നടന്നുവന്ന വഴികളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എന്ത്‌ തോന്നുന്നു എന്ന ചോദ്യത്തിന്‌ കഷ്‌ടപ്പാട്‌ നിറഞ്ഞതാണെങ്കിലും ചെറുപ്പകാല അനുഭവങ്ങളാണ്‌ സന്തോഷദായകം. ഇപ്പോഴത്തെ ജീവിതം സുഖകരമാണെങ്കിലും ഒരു കൗതുകമില്ലാത്തതുപോലെ തോന്നുന്നു. എന്തെങ്കിലും എത്തിപ്പിടിക്കാനുളള കൊതിയുമായി നടക്കുമ്പോഴാണ്‌ ജീവിതത്തിന്‌ ഉന്മേഷമുണ്ടാവുന്നത്‌. എല്ലാം തികഞ്ഞ്‌ നില്‍ക്കുമ്പോള്‍ ലക്ഷ്യബോധമില്ലാത്തതുപോലെ തോന്നുന്നു. സ്‌നേഹിച്ചുതന്നെയാണ്‌ വിവാഹം നടന്നത്‌. മറ്റേതു പൊരുത്തത്തെക്കാളും അഭികാമ്യം മനപ്പൊരുത്തം തന്നെയാണെന്നാണ്‌ അവളുടെ അനുഭവത്തിലൂടെ പുഷ്‌പ പറയുന്നു. ഞാന്‍ പുഷ്‌പയെ അവളുടെ പത്തു-പന്ത്രണ്ടു വയസ്സുവരെയേ കണ്ടുളളൂ. ഇപ്പോള്‍ 52ലെത്തിയ പുഷ്‌പ അപ്രതീക്ഷിതമായി എന്നെക്കാണാന്‍ വരുന്നു. അവളുടെ മകളുടെ വിവാഹം ക്ഷണിക്കാന്‍. പണ്ട്‌ കണ്ട അതേ മുഖഭാവത്തോടെ പ്രസരിപ്പോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എന്റെ പഴയ മറാഠി പെണ്ണിനെ ഓര്‍ത്തുപോയി. .. ആ പഴയ ഹിന്ദി ഡാന്‍സ്‌ ഒന്നുകൂടി ചെയ്യാമോ എന്ന്‌ ചോദിച്ചുപോയി… ശാരീരികമായി എന്തു മാറ്റം വന്നാലും മനസ്സിലുറഞ്ഞുനിന്ന സ്‌നേഹാദരവിന്‌ ഒരു പഞ്ഞവും തട്ടില്ലെന്ന്‌ പുഷ്‌പയുടെ ഇടപെടലിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.

NO COMMENTS

LEAVE A REPLY