ന്യൂഡൽഹി: മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് പാർലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം.ലോക്സഭ സമ്മേളിച്ച ഉടൻ പ്രതിപക്ഷ കക്ഷികൾ മണിപ്പൂർ കത്തുന്നു എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയതുമടക്കം മണിപ്പൂരിലെ കലാപ പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബഹളം അതിര് കടന്നതോടെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചർച്ചയുടെ സമയം സ്പീക്കർ തീരുമാനിക്കുമെന്നും ആഭ്യന്ത്രമന്ത്രി അമിത് ഷാ ചർച്ചക്ക് മറുപടി സഭനൽകുമെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. അക്രമസംഭവങ്ങളെകുറിച്ച് പാർലമെന്‍റിൽ പ്രസ്താവന നടത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ വ്യക്തമാക്കി. പാർലമെന്‍റിന് പുറത്ത് പ്രസ്ഥാവന നടത്തിയ പ്രധാനമന്ത്രി സഭയിൽ മൗനം പാലിക്കുകയാണെന്നും ഗാർഖെ കുറ്റപ്പെടുത്തി. മണിപ്പൂരിൽ സംഭവിച്ചത് അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മണിപ്പൂരിലെ പെൺകുട്ടികൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല,അക്രമസംഭവം രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള വിവിധ എം.പിമാർ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.