ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് 14 ദിവസങ്ങളായി വ്യോമാക്രമണം നടക്കുന്ന ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. 6.5 ടണ്‍ മരുന്നുകളും ദുരിത ബാധിതര്‍ക്കുളള 32 ടണ്‍ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഇന്ത്യയില്‍ നിന്ന് ഗാസയിലേക്ക് പുറപ്പെട്ടു. ദുരന്ത നിവാരണ സാമഗ്രികളുമായി IAF C17 വിമാനമാണ് ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അത്യാവശ്യമായ ജീവന് രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും ആവശ്യവസ്തുക്കളില്‍ ഉള്‍പ്പെടുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. അതേസമയം ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന് ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന് അംബാസഡര്‍ അദ്നാന് അബു അല്‍ഹൈജാ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇന്ത്യയുടെ മാനിഷികമായ ഇടപെടലിന് ഒരുപാട് നന്ദിയുണ്ട്. ഇത്തരത്തിലുള്ള സഹായമാണ് ഗാസയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത്. ഇതോടൊപ്പം തന്നെ രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുകയാണ്. പലസ്തീനുമായും ഇസ്രയേലുമായും ഇന്ത്യ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടല്‍ നടത്തണം. അതൊടൊപ്പം മാനുഷികപരമായ സഹായം ഗാസയിലെത്തുകയും വേണം’-അദ്നാന് അബു അല്‍ഹൈജാ പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന പലസ്തീന് മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തില്‍ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിര്‍ത്തി വഴി ഗാസയില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 6.5 ടണ്‍ വൈദ്യസഹായ സാമഗ്രികളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐഎഎഫ് സി-17 ഞായറാഴ്ച പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ അല്‍-അരിഷ് വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്യുക. അവശ്യ ജീവന് രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും അവശ്യവസ്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.