-പി പി ചെറിയാന്‍
കൊളംബിയ: 30വര്‍ഷം മുമ്പ് രണ്ട് മക്കളെ കാറില്‍ ബന്ധിച്ച ശേഷം തടാകത്തിലേക്ക് ഉന്തിയിട്ട് മക്കളെ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവ് സൂസന്‍ സ്മിത്തിന് 30 വര്‍ഷത്തെ തടവിനു ശേഷവും ബോര്‍ഡ് പരോള്‍ നിരസിച്ചു. ബുധനാഴ്ച ആദ്യമായി ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ സൂസന്‍ സ്മിത്തിനു ബോര്‍ഡ് ഏകകണ്ഠമായി പരോള്‍ നിരസിക്കുകയായിരുന്നു. ‘ഞാന്‍ ചെയ്തത് ഭയാനകമാണെന്ന് എനിക്കറിയാം. എനിക്ക് തിരികെ പോയി അത് മാറ്റാന്‍ കഴിയുമെങ്കില്‍ ഞാന്‍ എന്തും നല്‍കും.’ വികാരാധീനനായ സ്മിത്ത് സൂം വഴി പരോള്‍ ബോര്‍ഡിനോട് പറഞ്ഞു. ‘ഞാന്‍ മക്കളായ മൈക്കിളിനെയും അലക്‌സിനെയും പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നു.’
1994 ഒക്ടോബര്‍ 25ന്, അന്ന് 23 വയസ്സുള്ള സ്മിത്ത്, അവളുടെ മക്കളായ 3 വയസ്സുള്ള മൈക്കിളിനെയും 14 മാസം പ്രായമുള്ള അലക്സാണ്ടറിനെയും കാര്‍ സീറ്റില്‍ കെട്ടിയിട്ട ശേഷം വീടിനടുത്തുള്ള തടാകത്തിലേക്ക് കാര്‍ ഉന്തിയിടുകയായിരുന്നു. ആദ്യം, സ്മിത്ത് പൊലീസിനോട് കള്ളം പറയുകയും ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ തന്നെയും മക്കളെയും തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നു വാദിക്കുകയായിരുന്നു.
സ്മിത്തിന്റെ ഭര്‍ത്താവ് അവളെ വിശ്വസിച്ചു. മാത്രമല്ല കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തട്ടിക്കൊണ്ടു പോയയാളോട് ഭാര്യാഭര്‍ത്താക്കന്മാര്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടു അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഈ അഭിമുഖം 1994 നവംബര്‍ മൂന്നിനായിരുന്നു. അഭിമുഖം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, സ്മിത്ത് തന്റെ മക്കളെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. കുട്ടികള്‍ മുങ്ങിമരിക്കുന്നത് നോക്കിനില്‍ക്കെ കാര്‍ ആരോ അടുത്തുള്ള തടാകത്തിലേക്ക് ഉരുട്ടിയിടുകയായിരുന്നുവെന്നു അവര്‍ പിന്നീട് പറഞ്ഞു.
‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, ദൈവം എന്റെ ജീവിതത്തിന്റെ വലിയ ഭാഗമാണ്. അവന്‍ എന്നോട് ക്ഷമിച്ചെന്ന് എനിക്കറിയാം-സ്മിത്ത് പറഞ്ഞു. പരോള്‍ നിരസിക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ട സൂസന്‍ സ്മിത്തിന്റെ മുന്‍ ഭര്‍ത്താവ് ഡേവിഡ് സ്മിത്ത് വികാരാധീനനായി. ‘ഇതൊരു ദാരുണമായ തെറ്റായിരുന്നില്ല. അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ അവള്‍ മനഃപൂര്‍വ്വം ഉദ്ദേശിച്ചിരുന്നു-അദ്ദേഹം പറഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ വധശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും ജൂറി അവളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.