കുണ്ടംകുഴി, പായത്ത് ഗൃഹനാഥന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; മൃതദേഹത്തിനു 18 ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക സംശയം, പോസ്റ്റുമോര്‍ട്ടം പരിയാരത്ത്

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴി, പായം, വെള്ളരിക്കയയില്‍ ഗൃഹനാഥനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. എം. ചന്ദ്രന്‍ നായര്‍ (60) ആണ് മരിച്ചത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ വര്‍ഷങ്ങളായി തനിച്ചാണ് താമസം. ആള്‍ക്കാരുമായി യാതൊരു തരത്തിലുമുള്ള ഇടപെടല്‍ ഇല്ലാതെയായിരുന്നു ഇയാളുടെ ജീവിതം.
ചൊവ്വാഴ്ച വൈകുന്നേരം വീടിനു സമീപത്തുകൂടി നടന്നു പോവുകയായിരുന്ന ആള്‍ക്കാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചന്ദ്രന്‍ നായരുടെ മൃതദേഹം വീട്ടിനകത്തെ കട്ടിലിനു മുകളില്‍ അഴുകിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ബേഡകം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനു 18 ദിവസത്തോളം പഴക്കം ഉള്ളതായി സംശയിക്കുന്നു. ചന്ദ്രന്‍ നായരുടെ സഹോദരന്റെ മകന്‍ കിഷോറിന്റെ പരാതിയില്‍ ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക സംശയം.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page