കാസര്‍കോട്: കുന്നിന്റെ അടിവാരത്തിരുന്നു കുന്നിന്‍ മുകളിലേക്ക് ആള്‍ക്കൂട്ടവും മണ്ണുമാന്തികളും ലോറികളും ഇരച്ചു കയറുന്നതു കൗതുകത്തോടെ നോക്കിക്കണ്ട കോളനി നിവാസികളും പാവപ്പെട്ടവരുമായ നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ കുന്നിനുമുകളിലായിരിക്കുന്നു.
കുന്നുണ്ടായിരുന്ന സ്ഥലം തിങ്കളാഴ്ചയുണ്ടായ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ വന്‍ കുളമായി മാറിക്കഴിഞ്ഞു. മഴ ഇനിയും ഉണ്ടാവുകയും കൃത്രിമകുളം നിറഞ്ഞു കവിയുകയും ചെയ്താല്‍ മംഗല്‍പ്പാടി പഞ്ചായത്തിലെ ഹേരൂര്‍ വില്ലേജില്‍പ്പെട്ട ഹേരൂരിന്റെയും പരിസരത്തെ ബിസി റോഡിന്റെയും അവസ്ഥ എന്താവുമെന്നു നാട്ടുകാര്‍ വില്ലേജ് ഓഫീസറോടും തഹസില്‍ദാറോടും ജില്ലാ കലക്ടറോടും പൊലീസിനോടും ആരായുന്നു.
കുന്നിടിക്കുന്നതും മണ്ണെടുക്കുന്നതും ഒക്കെ കര്‍ശനമായി നിയന്ത്രിക്കുന്നത് പാവപ്പെട്ടവര്‍ വീടുവയ്ക്കാനോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ മണ്ണെടുക്കുമ്പോഴാണോ എന്ന് അവര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. നിയന്ത്രണവും നിയമവുമൊക്കെ ആരും ചോദിക്കാനും പറയാനുമില്ലാത്ത പാവങ്ങളെ കെട്ടിയിടാനാണോ എന്ന സംശയവും സാധാരണക്കാരില്‍ ഇവിടെ ഉടലെടുക്കുന്നു. മംഗല്‍പ്പാടി പഞ്ചായത്തിലെ 11ാം വാര്‍ഡാണ് ഹേരൂര്‍. ഇവിടെ ബിസിറോഡ് എന്ന സ്ഥലത്തെ കുന്നിലേക്ക് അടുത്തിടെയാണ് കൈക്കോട്ടും പിക്കാസും വട്ടികളുമായി എന്തിനും പോന്ന സംഘമെത്തിയത്. അവര്‍ക്കൊപ്പം എത്തിയ മണ്ണുമാന്തി യന്ത്രങ്ങള്‍ മല കോരിയെടുത്തു വരിവരിയായി നില്‍ക്കുന്ന ലോറികള്‍. കണ്ണടച്ചു തുറക്കും മുമ്പ് ലോറികള്‍ നിറക്കുന്നതും ലോറികള്‍ മലവെള്ളം ഒഴുകുന്നതു പോലെ കുന്നിറങ്ങുന്നതുമൊക്കെ ബിസി റോഡ് കുന്നിന് താഴെയുള്ളവര്‍ക്കു രസകരമായ കാഴ്ചയായിരുന്നു. അവരതു നോക്കി നിന്നു. സമീപത്തുള്ളവരെ വിളിച്ചു കൗതുക കാഴ്ച കാണിച്ചു.
ഇടയ്ക്ക് അതു നിറുത്തി വെക്കുകയും പിന്നെ വീണ്ടും തുടരുകയും ചെയ്തുകൊണ്ടിരുന്നു. 15 ദിവസം മുമ്പു സര്‍വ്വസജ്ജരായ സംഘം താഴ് വരെയെക്കാള്‍ 35 അടി താഴ്ചയില്‍ കുന്നു കുഴിച്ചെടുത്തു. മൂന്ന് ഏക്കര്‍ സ്ഥലത്തെ കുന്ന് ഇല്ലാതാവുക മാത്രമല്ല, അത് അത്രയും താഴ്ചയില്‍ വന്‍ കുഴിയാവുകയും ചെയ്തു. അതോടെ നാട്ടുകാര്‍ ഇളകി. കുന്നിടിക്കല്‍ തടഞ്ഞു. വില്ലേജ് ഓഫീസറേയും തഹസില്‍ദാറെയും ജില്ലാ കലക്ടറേയും മണ്ണുമാന്തി സംഘത്തെയും അറിയിച്ചു-നാടിനെ രക്ഷിക്കണം. അതേ സ്ഥലത്തു ജനിച്ചു വളര്‍ന്ന തങ്ങളെ മുക്കിക്കൊല്ലാന്‍ അനുവദിക്കരുത്. ഇങ്ങനെ ഒരു സംഗതി അവിടെ നടക്കുന്നെന്നും കുന്ന് കുളമാവുന്നെന്നും സത്യമായിട്ടും താനറിഞ്ഞതേ ഇല്ലെന്നു വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ അറിയിച്ചു.
ആ സ്ഥലത്തു താമസക്കാരനല്ലാത്ത മുഹമ്മദ് ഷാഫി എന്നയാളുടേതാണ് സ്ഥലമെന്നു പറയുന്നുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. തന്റെ സ്ഥലമാണെന്നു പറഞ്ഞ് അതു പാതാളക്കുളമാക്കാന്‍ ആരെയെങ്കിലും നിയമവും അതു നടപ്പാക്കാന്‍ താറുടുത്തു നില്‍ക്കുന്ന അധികാരികളും സമ്മതിക്കുമോ എന്നു നാട്ടുകാര്‍ പരസ്പരം നോക്കിയിരുന്നു ചോദിക്കുന്നു. പാവങ്ങള്‍ക്കു അങ്ങനെയൊക്കെ ചോദിക്കാനല്ലേ പറ്റു.
അതേ സമയം അവിടെ സ്വാധീനമുള്ള പാര്‍ട്ടിയും അതിന്റെ ഭാരവാഹികളും ഉണ്ടയും വിഴുങ്ങി നില്‍ക്കുകയാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു പാര്‍ട്ടികള്‍ അതിലെ പോവുമ്പോള്‍ കണ്ണടച്ചു പിടിക്കുന്നത്രെ. എന്തായാലും തിങ്കളാഴ്ചത്തെ മഴയില്‍ ഈ സ്ഥലം കുളമായിട്ടുണ്ട്. ചേടിമണ്ണ് നിറഞ്ഞ സ്ഥലമായതിനാല്‍ വെള്ളം കെട്ടിനിന്നാല്‍ ഇപ്പോള്‍ കുന്നായ മുമ്പത്തെ താഴ് വര ഇടിഞ്ഞു വീഴുമോ എന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്.