ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനവദിച്ചത്. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നത്. പരാതിയില്‍ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയില്‍ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിജീവിതയായ നടി പരാതി നല്‍കിയത് 8 വര്‍ഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. സിദ്ദിഖിനു ജാമ്യം നല്‍കിയാല്‍ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. യുവനടിയാണ് പരാതി സിദ്ദീഖിനെതിരെ നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മാതാപിതാക്കള്‍ക്കും ഒരു സുഹൃത്തിനും ഒപ്പമാണ് പരാതിക്കാരി ഹോട്ടലില്‍ എത്തിയത്. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.