ബംഗ്‌ളൂരു: കര്‍ണ്ണാടകയിലെ ദാവണഗരെ ന്യാമതിയില്‍ വന്‍ ബാങ്കുകൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യാമതി ശാഖയുടെ ജനല്‍ കമ്പികള്‍ മുറിച്ചു മാറ്റി അകത്തു കടന്ന സംഘം 12.95 കോടി രൂപ വില വരുന്ന 17.705 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കടത്തിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ജനല്‍കമ്പി പൂര്‍ണ്ണമായും മുറിച്ചുമാറ്റിയത്. ലോക്കര്‍ തകര്‍ക്കുന്നതിനു മുമ്പ് തന്നെ സിസിടിവി ക്യാമറകളും അതിന്റെ അനുബന്ധ ഉപകരണങ്ങളും ഇളക്കിമാറ്റിയിരുന്നു. ഇവയും കൊള്ളക്കാര്‍ കടത്തിക്കൊണ്ടു പോയി. പൊലീസ് നായ മണം പിടിക്കാതിരിക്കുന്നതിനു ബാങ്കിനു അകത്ത് മുളക് പൊടി വിതറിയ നിലയിലാണ്. കൊള്ളയ്ക്കു പിന്നില്‍ അന്തര്‍ സംസ്ഥാന ബാങ്കു കൊള്ള സംഘമാണെന്നു സംശയിക്കുന്നു. ശാഖാ മാനേജര്‍ സുനില്‍ കുമാര്‍ യാദവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.