കാസര്‍കോട്: നാളെ തുലാം പത്ത്. മറ്റൊരു തെയ്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും തറവാടുകളും. തുലാം പത്തു മുതലാണ് വടക്കേ മലബാറില്‍ തെയ്യക്കാലം തുടങ്ങുന്നത്. കുരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങള്‍ക്ക് ജീവനേകാന്‍ തെയ്യം കെട്ടുന്നവര്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലും നാളെ തെയ്യം അരങ്ങിലെത്തുന്നതോടെ ഉത്തരകേരളത്തിലെ കളിയാട്ടങ്ങള്‍ക്ക് തുടക്കമാവും. അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം ഇനി തട്ടകങ്ങളില്‍ ആളും ആരവവും നിറയും. ഉത്തരകേരളത്തിലും, കര്‍ണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളില്‍ ഒന്നാണ് അനുഷ്ഠാന കര്‍മ്മമായ തെയ്യം. ഉത്തര കേരളത്തില്‍ 456 തെയ്യങ്ങളില്‍ 120 ഓളം തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. വിഷ്ണു മൂര്‍ത്തി, പൊട്ടന്, ഗുളികന് തുടങ്ങിയ തെയ്യക്കോലങ്ങളാണ് ഏറ്റവും കൂടുതല്‍ കെട്ടിയാടുന്നത്. ഭൈരവന്, കുട്ടിച്ചാത്തന്, ഭഗവതി, വേട്ടയ്ക്കൊരുമകന്‍, രക്തചാമുണ്ഡി, കതിവനൂര്‍ വീരന്, ക്ഷേത്രപാലന്, ഭദ്രകാളി, മുവാളംകുഴി, കുറത്തി, ബാലി, ഘണ്ഡാകര്‍ണ്ണന്‍, കടവാങ്കോട് മാക്കം, കണ്ണങ്കാട് ഭഗവതി, കതിവൂര്‍ വീരന് തുടങ്ങിയവയും പ്രധാന തെയ്യ കോലങ്ങളാണ്.
ആചാരനുഷ്ഠനങ്ങള്‍ക്കപ്പുറം ഒരു ദേശത്തിന്റെ സംസ്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. തെയ്യാട്ടക്കാലം ആരംഭിക്കുന്നുവെന്ന പ്രാധാന്യത്തിനൊപ്പം കാര്‍ഷിക സംസ്കൃതിയുമായും ഈശ്വര ആരാധനയുമായും ബന്ധപ്പെട്ടുകിടക്കുന്ന നിരവധി അനുഷ്ഠാനങ്ങളും ആചാരങ്ങളും തുലാപ്പത്തിനു പിറകിലുണ്ട്.