1921ല്‍ ഉണ്ടായത്‌ മലബാര്‍ കലാപമല്ല; മാപ്പിള ലഹള: എ പി അബ്‌ദുല്ലക്കുട്ടി

0
36


കാസര്‍കോട്‌: സി പി എമ്മും കോണ്‍ഗ്രസും താല്‍ക്കാലിക നേട്ടത്തിനുവേണ്ടി തീവ്രവാദികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണെന്നു ബി ജെ പി ദേശീയ വൈസ്‌ പ്രസിഡന്റ്‌ എ പി അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
മലബാര്‍ ലഹളയെക്കുറിച്ചു ബി ജെ പി കാസര്‍കോട്‌ ജില്ലാ ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1921ല്‍ മലപ്പുറത്തെ മൂന്നു പ്രദേശങ്ങളിലുണ്ടായ കലാപം മലബാര്‍ കലാപമല്ലെന്നും മാപ്പിള ലഹളയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യയുടെ ചോരപുരണ്ട അധ്യായമായിരുന്നു അത്‌. മഹാകവി കുമാരനാശന്‍ അതിനെക്കുറിച്ചു മുഹമ്മദന്‍മാരുടെ ക്രൂരതയെന്നു വികാരഭരിതനായി പച്ചക്കു പറഞ്ഞു. അതില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാവവും ശൈലിയുമില്ലെന്നു മഹാത്മാഗാന്ധി വേദനയോടെ പറഞ്ഞു. ക്രൂരമായ വേട്ടയും വംശഹത്യയുമാണെന്ന്‌ ആനിബസന്റ്‌ നെടുവീര്‍പ്പിട്ടു.
ഈ വംശഹത്യയും കൂട്ടക്കുരുതിയും സി പി എം ഇപ്പോള്‍ ചര്‍ച്ചക്കുകൊണ്ടുവന്നതു വോട്ട്‌ ബാങ്ക്‌ ലക്ഷ്യമാക്കിയാണെന്നു അബ്‌ദുള്ളക്കുട്ടിപറഞ്ഞു. ഇ എം എസിന്റെ കുടുംബവും മാപ്പിള ലഹളക്ക്‌ ഇരയായിരുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ അതൊരു സമുദായത്തിനു നേരെയുള്ള കലാപമായിരുന്നെന്ന്‌ എടുത്തു പറഞ്ഞത്‌ ആരും വിസ്‌മരിക്കണ്ട- അബ്‌ദുള്ളക്കുട്ടി ഓര്‍മ്മിപ്പിച്ചു.വാരിയന്‍ കുന്നന്‍ ലോകത്തെ ആദ്യത്തെ താലിബാനിസ്റ്റായിരുന്നെന്നു എ പി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. കാശ്‌മീരിലെ പണ്ഡിറ്റുകള്‍ക്ക്‌ 1990ല്‍ ഉണ്ടായതാണ്‌ 1921ല്‍ മലപ്പുറത്ത്‌ സംഭവിച്ചത്‌-അദ്ദേഹം പറഞ്ഞു.
വീട്ടുകൊള്ള, ബലാല്‍ക്കാരം, കുട്ടികളെ കൊന്നൊടുക്കല്‍, പിറന്ന മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കല്‍ എന്നിവയെയാണ്‌ സ്വാതന്ത്ര്യ സമരമെന്ന്‌ സി പി എമ്മുകാര്‍ ഇപ്പോള്‍ ആശ്ലേഷിക്കുന്നത്‌. സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച അവര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനമാഘോഷിക്കുന്നതുപോലെ നാളെ മലബാര്‍ കലാപം മാപ്പിള ലഹളയായിരുന്നെന്നു തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാര്‍ക്കോട്ടിക്ക്‌ ടെറസിസവും നാര്‍ക്കോട്ടിക്‌ ജിഹാദും 1993 മുതല്‍ ആഗോള പ്രശ്‌നമാണ്‌ പെറു പ്രസിഡന്റാണ്‌ ഈ പ്രയോഗം ആദ്യം നടത്തിയത്‌. ഇസ്ലാമിക തീവ്രവാദികള്‍ തീവ്രവാദത്തിനു പണമുണ്ടാകുന്നതു മയക്കുമരുന്നു കടത്തിലൂടെയാണ്‌. മാപ്പിള ലഹള മലപ്പുറത്തു മാത്രമല്ലെന്നും നമ്മുടെ നാട്ടിലെല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു മാപ്പിള ലഹള നടക്കുമ്പോള്‍ എട്ടണക്കു കത്തിവാങ്ങി കുത്തിവാങ്ങും പാകിസ്ഥാന്‍ എന്ന്‌ അതിന്‌ താളം പിടിച്ചതു നമ്മുടെ നാടായിരുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്നവരാണ്‌ രാജ്യത്തെ ഭൂരിപക്ഷം മുസ്ലീങ്ങളുമെന്ന്‌ അദ്ദേഹം പറഞ്ഞു. അവര്‍ ദേശീയ മുസ്ലീംങ്ങളാണ്‌. സ്വന്തം രാജ്യത്തെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ്‌ അവരെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്ത്‌ ആധ്യക്ഷം വഹിച്ചു. കെ അംബികാസുതന്‍, കെ കരുണാകന്‍, എന്‍ കെ മധു, ശങ്കു ടി ദാസ്‌ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY