-പി പി ചെറിയാന്‍
നോര്‍ത്ത് കരോലിന: രണ്ടാഴ്ചക്കു മുമ്പ് ആഞ്ഞടിച്ച ഹെലിന്‍ ചുഴലിക്കാറ്റില്‍ നോര്‍ത്ത് കരോലിനയില്‍ കാണാതായ 100 ഓളം പേര്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ കൊടുങ്കാറ്റില്‍ 95 പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. രണ്ടാഴ്ചയിലേറെയായി ആഞ്ഞടിച്ച ഹെലിന്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു.
ചുഴലിക്കാറ്റ് സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുകയും അപകടങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ കാണാതായവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നു വാര്‍ത്താ സമ്മേളനത്തില്‍ കൂപ്പര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നോര്‍ത്ത് കരോലിനയില്‍ ഇതുവരെ 95 മരണങ്ങള്‍ സ്ഥിരീകരിച്ചു. കൊടുങ്കാറ്റില്‍ ആശയവിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ ആദ്യ ദിവസങ്ങളില്‍ കാണാതായ ആളുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ സങ്കീര്‍ണ്ണമായിരുന്നു.
സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ആഷെവില്ലും മറ്റ് കമ്മ്യൂണിറ്റികളും ഇപ്പോഴും ഹെലന്‍ വരുത്തിയ നാശത്തില്‍ നിന്ന് കരകയറുന്നതേയുള്ളു. ആയിരക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതിയും ശുദ്ധജലവും റോഡുകളും പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു.