കാസര്‍കോട്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡി വൈ എഫ് ഐ നേതാവും പുത്തിഗെ, ബാഡൂര്‍ എ എല്‍ പി സ്‌കൂളിലെ അധ്യാപകയുമായ സച്ചിതാറൈ (27)യ്‌ക്കെതിരെ കര്‍ണ്ണാടക പൊലീസും കേസെടുത്തു. കിദൂരിലെ അശ്വിന്റെ ഭാര്യ കെ രക്ഷിതയുടെ പരാതി പ്രകാരം ഉപ്പിനങ്ങാടി പൊലീസാണ് കേസെടുത്തത്. എസ് ബി ഐയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 13,11,600 രൂപ വാങ്ങിച്ചുവെന്ന പരാതിയിലാണ് കേസ്. ഈ കേസില്‍ സച്ചിതാറൈയെ അറസ്റ്റു ചെയ്യാനുള്ള നീക്കം കര്‍ണ്ണാടക പൊലീസ് ആരംഭിച്ചു. അറസ്റ്റിനു മുന്നോടിയായി ഉപ്പിനങ്ങാടി പൊലീസ് ഉടന്‍ കാസര്‍കോട്ടെത്തുമെന്നാണ് സൂചന. എന്നാല്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസില്‍ സച്ചിതയെ അറസ്റ്റു ചെയ്യുന്നത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തല്‍ക്കാലത്തേയ്ക്ക് തടഞ്ഞുകൊണ്ട് ഉത്തരവായിരുന്നു. സച്ചിത നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ അറസ്റ്റു പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇതിനിടയില്‍ സച്ചിതറൈയ്‌ക്കെതിരെ മഞ്ചേശ്വരം പൊലീസും കേസെടുത്തു.
പൈവളിഗെ, കാടൂറിലെ മോക്ഷിത് ഷെട്ടി (28) നല്‍കിയ പരാതി പ്രകാരമാണ് കേസ്. കര്‍ണ്ണാടക എക്‌സൈസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷം രൂപ വാങ്ങിച്ചുവെന്നാണ് പരാതി. 2023 ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലായി പണം നല്‍കിയതായി മോക്ഷിത് ഷെട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസും കേസെടുത്തതോടെ സാമ്പത്തിക തട്ടിപ്പിനു സച്ചിതയ്‌ക്കെതിരെ കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസും ബദിയഡുക്കയില്‍ മൂന്നു കേസുകളുമാണ് നിലവിലുള്ളത്.