കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുമ്പളയിലെ സച്ചിത റൈയെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി പി എം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈര്‍ അറിയിച്ചു. സി പി സി ആര്‍ ഐ യില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായും ഇതിന് പിന്നില്‍ കാര്‍ണ്ണാടകയിലെ കേന്ദ്ര ഭരണ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുമായി തട്ടിപ്പ് സംഘത്തിന് ബന്ധമുള്ളതായും പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് സംശയിക്കുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയയിലും വരുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധവും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. ഈ തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍ ആളുകളുടെയും പേരില്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് സി പി എം കുമ്പള ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം ഡി.വൈ.എഫ് നേതാവ് കോടികൾ തട്ടിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ബി.എം മുസ്തഫ ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി എന്നിവർ ആവശ്യപ്പെട്ടു. സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 15,05,796 രൂപ തട്ടിയെടുത്തതായാണ് ഷേണി ബെല്‍ത്തക്കല്ലുവിലെ സച്ചിത റൈയ്‌ക്കെതിരെയുള്ള പരാതി. കിദൂര്‍, പതക്കല്‍ ഹൗസിലെ നിഷ്മിത ഷെട്ടി(24)യുടെ പരാതി പ്രകാരം കുമ്പള പൊലീസാണ് കേസെടുത്തത്. ബാഡൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപികയായ സച്ചിതറൈ മുന്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം, ബാലസംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.