കാറില്‍ കടത്തുകയായിരുന്ന വന്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. വീരാജ്പേട്ട പെരുമ്പാടി കുരിമണ്ണില്‍ ഹൗസില്‍ ഷാനു (39) ആണ് പിടിയിലായത്. ശ്രീകണ്ഠപുരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ ബാബുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ കുറുമാത്തൂര്‍ നെടുമുണ്ടയില്‍ വെച്ചാണ് എംഡിഎംഎ പിടികൂടിയത്. ശ്രീകണ്ഠപുരം മേഖലയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാനിയാണ് ഷാനു. എന്നാല്‍ ഇതുവരെ പൊലീസ് പിടിയിലായിട്ടില്ല. കാറില്‍ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തി നാട്ടിലേക്ക് തന്നെ മടങ്ങുകയാണ് പതിവ്. ഒരുമാസം മുമ്പ് ശ്രീകണ്ഠപുരത്ത് ഇയാള്‍ എം.ഡി.എ.എ വിതരണം ചെയ്തിരുന്നു. എന്നാല്‍ അന്ന് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒരുമാസമായി ഡാന്‍സ്ആപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ഷാനു. 200 ഗ്രാം എം.ഡി.എം.എ ഷാനുവില്‍ നിന്ന് പിടിച്ചെടുത്തു. വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠപുരം എസ്.ഐമാരായ പി.പി.പ്രകാശന്‍, എം.വി.ഷീജു, എ.എസ്.ഐ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.