കുണിയേരിയിലും കാട്ടാന ആക്രമണം

0
37

ഇരിയണ്ണി: നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ഇന്നലെ രാത്രി കുണിയേരിയില്‍ നാട്ടിലിറങ്ങിയ ഒറ്റയാന്‍ മുണ്ടക്കാട്ടെ കരുണാകരന്റെ തോട്ടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്‌, കവുങ്ങ്‌, വാഴ തുടങ്ങിയവയാണ്‌ നശിപ്പിച്ചത്‌.
നേരത്തെ കര്‍ണ്ണാടക വനത്തില്‍ നിന്നും എത്തിയ ആനകള്‍ക്കൊപ്പം ഉണ്ടായിരുന്നതാണ്‌ ഇപ്പോഴും നാട്ടിലിറങ്ങി കൊണ്ടിരിക്കുന്ന ഒറ്റയാനെന്നു നാട്ടുകാര്‍ പറയുന്നു. മറ്റു ആനകളെ കര്‍ണ്ണാടക വനത്തിലേയ്‌ക്ക്‌ ഓടിക്കുന്നതിനിടയിലാണ്‌ ഒരു ആന കാറഡുക്ക വനത്തില്‍ ഒറ്റപ്പെട്ടത്‌. അതിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ഇറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്‌തു. ഈ ഒറ്റയാനടക്കം രണ്ട്‌ ആനകളെ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ നടത്തിയ ശ്രമത്തിനിടയില്‍ കാറഡുക്ക വനത്തിലെത്തിച്ചിരുന്നു. എന്നാല്‍ വനം വകുപ്പ്‌ അധികൃതരുടെ ഭാഗത്തു നിന്നു തുടര്‍ നടപടികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ്‌ ഇരിയണ്ണിയിലേയ്‌ക്ക്‌ ആന തിരിച്ചെത്തിയതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ആനയെ ഉടന്‍ കര്‍ണ്ണാടക വനത്തിലേയ്‌ക്ക്‌ തിരിച്ചയക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന കൃഷികളും നശിക്കുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍.

NO COMMENTS

LEAVE A REPLY