ഭാര്യ റീല്‍സിന് അടിമ; സഹികെട്ട ഭര്‍ത്താവ് യുവതിയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

 

റീല്‍സ് വീഡിയോകള്‍ ചിത്രീകരിക്കാനുള്ള  അമിത താല്‍പര്യത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചു. കര്‍ണാടക കുന്താപുര സാലിഗ്രാമക്കടുത്ത് കര്‍ക്കടയില്‍ ഭര്‍ത്താവ് യുവതിയെ അരിവാള്‍ വെട്ടിക്കൊലപ്പെടുത്തി. ബിദാറിലെ ഡൊനാഗപുര സ്വദേശിനി ജയശ്രീ(31) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കിരണ്‍ ഉപാധ്യ(44)യെ കോട്ട പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണ സംഭവം നടന്നത്. എട്ടുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം കര്‍ക്കടയിലെ ഒരു പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. ഭാര്യ റീല്‍സ് നിര്‍മ്മിക്കുന്നതിനും സോഷ്യല്‍ മീഡിയയ്ക്കും അടിമയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പലരീതിയിലുള്ള വിഡിയോകള്‍ നിര്‍മിച്ച് അപ് ലോഡ് ചെയ്യുന്നത് പതിവാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇതിനുവേണ്ടി ചെലവാക്കിയത്. ആഡംബര വീടുപണിയാനും കാറുവാങ്ങാനും ഭര്‍ത്താവിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണത്തിന്റെയും പണത്തിന്റെയും പേരില്‍ കിരണും ജയശ്രീയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന തര്‍ക്കത്തിനിടെ അരിവാളുകൊണ്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജയശ്രീയുടെ മൃതദേഹം മറവുചെയ്യാന്‍ കിരണ്‍ ശ്രമിച്ചിരുന്നു. ചാണകക്കുഴിയില്‍ കുഴിച്ചിടാനാണ് ആദ്യം പദ്ധതിയിട്ടത്. അതിന് കഴിയാതെ വന്നതോടെ ഭാര്യ ഒന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീണുവെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ് പിന്നീട് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു അറിയിച്ചു. അവര്‍ എത്തി ഉഡുപ്പിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പെട്ടെന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ കിരണ്‍ വീട്ടിലെ രക്തക്കറ വൃത്തിയാക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കിരണിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ജയശ്രീയുടെ ബന്ധുക്കള്‍ ശനിയാഴ്ച കോട്ടയിലെത്തുമെന്നും അതിനുശേഷം മൃതദേഹം അവര്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് പുതിയ അരിവാള്‍ വാങ്ങിയതായി നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page