വിവരാവകാശ കമ്മീഷന്‍ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നില്‍ ഗൂഢാലോചന; കെ.സുരേന്ദ്രന്‍

 

കാസര്‍കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി മാറാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ കാസര്‍കോട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടക്കം മുതലേ ഒളിച്ചുകളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. പിണറായിയുടെ സ്ത്രീപക്ഷ നിലപാടുകള്‍ വെറും വാചക കസര്‍ത്തുകള്‍ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ആദ്യഘട്ടം മുതല്‍ കള്ള കളിയാണ് നടത്തുന്നത്. പീഡനത്തിനിരയായിട്ടുള്ള ആളുകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നില്ല. ചിലരെ രക്ഷിക്കാനുള്ള തിടുക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത്. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മഹിളാ സംഘടനകളെല്ലാം കാശിക്കു പോയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്രയും ഗുരുതരമായ വിഷയം സംസ്ഥാനത്ത് ഉയര്‍ന്നു വന്നിട്ടും അതിനോടൊന്ന് പ്രതികരിക്കാന്‍ പോലും ഇടതുപക്ഷ മഹിളാ സംഘടനകള്‍ തയ്യാറാവുന്നില്ല. റിപ്പോര്‍ട്ടിന്മേല്‍ നാലുവര്‍ഷം അടയിരുന്നത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്. പരാതി ലഭിച്ചാലേ കേസെടുക്കൂ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പിന്നെന്തിനാണ് ഇങ്ങനെ ഒരു കമ്മീഷനെ നിയമിച്ചത്. വിശദമായ വിവരങ്ങള്‍ പുറത്തു വരാനും നടപടിയെടുക്കാനും ആണ് കമ്മീഷനെ വെക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കമ്മീഷനൊന്നും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു സര്‍ക്കാര്‍ കമ്മീഷനെ വച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page