വി.ആര്‍ സദാനന്ദന്‍ മാസ്റ്റര്‍ അന്തരിച്ചു; വിട വാങ്ങിയത് കാസര്‍കോടിനെ കര്‍മ്മഭൂമിയാക്കിയ എഴുത്തുകാരന്‍, സംസ്‌കാരം ജന്മനാടായ എറണാകുളത്ത്

 

കാസര്‍കോട്: പ്രശസ്ത എഴുത്തുകാരനും അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.ആര്‍ സദാനന്ദന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ബുധനാഴ്ച കളനാട്ടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച രാവിലെ വിദഗ്ധ ചികിത്സക്കായി മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
എറണാകുളം, കൊഴുപ്പള്ളി സ്വദേശിയായ വി.ആര്‍ സദാനന്ദന്‍ 1977ല്‍ ആണ് അധ്യാപകനായി കാസര്‍കോട്ടെത്തിയത്. ചെമ്പിരിക്ക യു.പി സ്‌കൂളിലായിരുന്നു ആദ്യ നിയമനം. പിന്നീട് കാസര്‍കോട്ടെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കളനാട് ന്യൂ ജി.എല്‍പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിട്ടാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. കെ.എസ്.ടി.എ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. അധ്യാപക സമരങ്ങളില്‍ മുന്‍പന്തിയില്‍ അണിനിരന്നിരുന്ന വി.ആര്‍ സദാനന്ദന്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച ശേഷം സിപിഎം കളനാട് ലോക്കല്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. അധ്യാപനവും എഴുത്തും സാംസ്‌കാരിക പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടു പോയിരുന്ന സദാനന്ദന്‍ മാസ്റ്റര്‍ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ് കൂടിയാണ്. അനന്തരം, വാതായനം, ആത്മരേഖ, അക്ഷരകേളി, സാലുമരദതിമ്മക്ക, കോട്‌സ് ആന്റ് പ്രോസ് എന്നിവയാണ് പ്രധാനകൃതികള്‍.
ഭാര്യ: എ. പുഷ്പലത. (ആര്‍.ഡി കളക്ഷന്‍ ഏജന്റ്, എല്‍.ഐ.സി ഏജന്റ്). മക്കള്‍:ഗായത്രി എസ്, ഹരിപ്രശാഗ് എസ്. മരുമക്കള്‍: ക്രമേഷ് പി. നായക്, ഗായത്രി ആര്‍ പ്രഭു. സഹോദരങ്ങള്‍: സരോജ, മാധവ നായക്, ദാമോര നായക്, ഗോപിനാഥ്, പരേതരായ രോഹിണി, സുശീല.
കളനാട്ടെ സ്വവസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറു കണക്കിനു പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, കെ.വി കുഞ്ഞിരാമന്‍, കെ.എസ്.ടി.എ നേതാക്കള്‍, പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉച്ചക്ക് 12 മണിയോടെ മൃതദേഹം സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടു പോകും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയില്‍ പൊലീസുകാരനെ കാറിടിച്ചു തെറുപ്പിച്ചു; അക്രമത്തിനു ഇരയായത് മയക്കുമരുന്നു വേട്ടയ്‌ക്കെത്തിയ കെ.എ.പി ക്യാമ്പിലെ പൊലീസുകാരന്‍, കാറുമായി രക്ഷപ്പെട്ട നാസറിനെതിരെ വധശ്രമത്തിനു കേസ്

You cannot copy content of this page