സ്വാതന്ത്ര്യദിനാഘോഷത്തിനു രാജ്യം ഒരുങ്ങി; കാസര്‍കോട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിവാദ്യം സ്വീകരിക്കും

 

കാസര്‍കോട്: രാജ്യം നാളെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. ആഘോഷത്തിനു രാജ്യം ഒരുങ്ങി. ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും അതീവ ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തികളിലും തന്ത്രപ്രധാന സ്ഥലങ്ങളിലും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ജാഗ്രത തുടരുന്നു. കാസര്‍കോട്, വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 8.20ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അഭിവാദ്യം സ്വീകരിക്കും. ജില്ലാ സായുധ പൊലീസ്, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് പ്ലറ്റൂണുകളും കാസര്‍കോട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, തച്ചങ്ങാട് ഗവ.സ്‌കൂള്‍, പടന്ന കടപ്പുറം ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബാര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ്, കാസര്‍കോട് ഗവ. കോളേജ്, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ദുര്‍ഗാഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയവര്‍ പരേഡില്‍ അണിനിരക്കും. പരേഡില്‍ സ്വാതന്ത്ര്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page