കാലാവസ്ഥാ വ്യതിയാനം അടുത്ത നൂറ്റാണ്ടില്‍ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമാകുമെന്ന് പഠനം. എനര്‍ജീസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടില്‍ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
കാലാവസ്ഥാ വ്യതിയാനം അതിന്റെ ഏറ്റവും തീക്ഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങി. കാര്‍ബണ്‍ ഉദ്‌വമനമാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. 40 ശതമാനത്തിലധികം കാര്‍ബണ്‍ ഉദ്വമനത്തിന് എണ്ണ-വാതക വ്യവസായം നേരിട്ടും അല്ലാതെയും ഉത്തരവാദികളാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതമാണെന്ന് തന്നെയെന്നാണ് പറയുന്നത്. ഏകദേശം 1,000 ടണ്‍ ഫോസില്‍ കാര്‍ബണ്‍ കത്തിച്ചാല്‍ ഓരോ തവണയും ഭാവിയില്‍ ഒരു അകാല മരണം സംഭവിക്കുന്നതിന് കാരണമാകുന്നു. ആഗോള സമ്പദ്വ്യവസ്ഥ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റിന്റെയും കോര്‍പ്പറേറ്റുകളുടെയും പൗരന്മാരുടെയും ഉയര്‍ന്ന തലത്തിലുള്ള നടപടികളും ഇടപെടലും പഠനം ആവശ്യപ്പെടുന്നു. വരാനിരിക്കുന്ന ഈ വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ കാര്‍ബണ്‍ ഉദ്വമനത്തില്‍ കാര്യക്ഷമവും അടിയന്തരമായി ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പഠനം മുന്നോട്ട് വയ്ക്കുന്നു. 1,000 ടണ്‍ നിയമത്തിന്റെ ശാസ്ത്രീയ സമവായം ഗൗരവമായി എടുക്കുകയും കണക്കുകള്‍ യോജിക്കുകയും ചെയ്താല്‍ ആഗോളതാപനം അടുത്ത നൂറ്റാണ്ടില്‍ നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമാകും. അതിനാല്‍ നമ്മള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാനഡയിലെ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലെ പ്രൊഫസറായ ജോഷ്വ പിയേഴ്‌സ് പറയുന്നു.