കാസര്‍കോട്‌ മാറി ചിന്തിക്കുമോ, ആവര്‍ത്തിക്കുമോ?

0
441

സംസ്ഥാനത്ത്‌ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങാറായി. രാഷ്‌ട്രീയ പാര്‍ട്ടികളും മുന്നണികളും സ്വന്തം കൂടാരങ്ങളില്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കില്‍. സ്ഥാനാര്‍ത്ഥി കുപ്പായമൊക്കെ തുന്നി വച്ചവര്‍ ഊഴവും കാത്തിരിപ്പാണ്‌. ഇപ്പോള്‍ ഭരണം നടത്തുന്നവര്‍ അഞ്ചു വര്‍ഷം കൊണ്ട്‌ നാടിന്‌ എന്തൊക്കെ ചെയ്‌തു? അതറിയാനുള്ള അവകാശം നികുതിപ്പണം കൊടുക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്‌. പറയാനുള്ള ബാധ്യത അതത്‌ ഭരണകൂടത്തിനുണ്ട്‌ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനും അവകാശമുണ്ട്‌.
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു പടിവാതിക്കല്‍ എത്തി നില്‍ക്കെ ഒരന്വേഷണം- “കാഹളം ഉയരും മുമ്പ്‌…”

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലാ ആസ്ഥാനത്തെ നഗരസഭയാണ്‌ കാസര്‍കോട്‌. പടിഞ്ഞാറ്‌ അറബിക്കടലും തെക്ക്‌ ചന്ദ്രഗിരിപ്പുഴയും ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളും അതിരിടുന്നതാണ്‌ കാസര്‍കോട്‌ നഗരസഭാ പ്രദേശം. വ്യത്യസ്‌ത ആചാരങ്ങളും സംസ്‌ക്കാരങ്ങളും വച്ചു പുലര്‍ത്തുന്നവരാണ്‌ ഇവിടുത്തെ ജനങ്ങള്‍. വ്യത്യസ്‌ത ഭാഷകളും കാസര്‍കോടിനെ മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്‌തമാക്കുന്നു. സംസ്ഥാന നിയമസഭയില്‍ മുസ്ലീംലീഗിന്റെ എം.എല്‍.എമാരില്‍ ഒരാള്‍ കാസര്‍കോട്ടു നിന്നാണ്‌.മുസ്ലീംലീഗിന്റെ ശക്തി കേന്ദ്രം കൂടിയാണ്‌ കാസര്‍കോട്‌ നഗരസഭ.നിലവില്‍ കാസര്‍കോട്‌ നഗരസഭയില്‍ 38 അംഗങ്ങളാണ്‌. ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമാണ്‌ ഭരണത്തിനു നേതൃത്വം നല്‍കുന്നത്‌. ഇതു രണ്ടാം തവണയാണ്‌ അവര്‍ ആ സ്ഥാനത്തെത്തുന്നത്‌. മുസ്ലീംലീഗ്‌ സംസ്ഥാന നേതൃത്വത്തിന്റെ പുതിയ തീരുമാനപ്രകാരം ബീഫാത്തിക്കിനി നഗരസഭയിലേയ്‌ക്ക്‌ മത്സരിക്കാനാകില്ല.ഭരണപക്ഷമായ യു.ഡി.എഫില്‍ 20 കൗണ്‍സിലര്‍ന്മാരാണ്‌. ഒന്നു കോണ്‍ഗ്രസിനും 19 മുസ്ലീംലീഗിനും.
നഗരസഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിക്ക്‌ 13 അംഗങ്ങളാണ്‌ ഉള്ളത്‌. സി.പി.എമ്മിനു ഒരംഗവും. മറ്റുള്ളവര്‍-4
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വാര്‍ഡുകളുടെ എണ്ണ കൂടുതലോ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയമോ ഇല്ല. ഇപ്പോഴത്തെ സ്ഥിതി എന്തായിരിക്കുന്നുവോ, അതനുസരിച്ചാണ്‌ വോട്ടര്‍മാര്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക.

വികസനത്തിന്റെ പൂക്കാലം: ബീഫാത്തിമ ഇബ്രാഹിം
അഞ്ചു വര്‍ഷക്കാലം കാസര്‍കോട്‌ നഗരസഭയെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ പൂക്കാലമായിരുന്നു – പറയുന്നത്‌ കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങുന്ന നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം. കാസര്‍കോട്ടെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണ്‌. നഗരസഭ വിട്ടുകൊടുത്ത സ്വന്തം ഭൂമിയില്‍ വാട്ടര്‍ ടാങ്കു പണിതത്‌ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനു നിര്‍ണ്ണായകമായി. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തു അനുവദിച്ച ആംപി തിയേറ്റര്‍ കാസര്‍കോടിന്റെ അഭിമാനമാണ്‌. ആരോഗ്യ രംഗത്തു മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ജനറല്‍ ആശുപത്രി നഗരസഭയുടെ കീഴിലായി. സുഭിക്ഷ കേരളം പദ്ധതി വഴി 40 ഏക്കര്‍ സ്ഥലത്ത്‌ കൃഷി നടത്താന്‍ കഴിഞ്ഞു. കൃഷി ഭൂമിക്കു പരിമിതികളുണ്ട്‌. അതിനാല്‍ മട്ടുപ്പാവു കൃഷിക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കി-ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.ചെന്നിക്കരയിലെ വാതക ശ്‌മശാനം, വൈദ്യുതി ശ്‌മശാനത്തിലേയ്‌ക്കു മാറി. ഇതിനായി ജനറേറ്റര്‍ വരെ സ്ഥാപിച്ചു. രാഷ്‌ട്രീയ പരമായി എതിര്‍പ്പുണ്ടെങ്കിലും പ്രതിപക്ഷം നന്നായി സഹകരിച്ചു. വികസന കാര്യത്തില്‍ പക്ഷപാതം കാണിച്ചില്ല- വികസന തുടര്‍ച്ചയ്‌ക്ക്‌ ലീഗ്‌ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി വരേണ്ടതുണ്ട്‌- ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു.

ദുരിതത്തിന്റെ കണ്ണീര്‍കാലം: പി.രമേശന്‍
കഴിഞ്ഞു പോകുന്നത്‌ അഞ്ചു വര്‍ഷത്തെ ദുരിത കാലമാണെന്നു പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ പി.രമേശന്‍ പറഞ്ഞു.പുതിയതായി ഒന്നും ഉണ്ടായിട്ടില്ല.അടിസ്ഥാന വികസന കാര്യരംഗത്ത്‌ ഒന്നും ചെയ്‌തിട്ടില്ല. പട്ടിക വര്‍ഗ്ഗ വിഭാഗ ക്ഷേമത്തിനെന്താണ്‌ ചെയ്‌തത്‌? കാര്‍ഷിക രംഗത്തെ ഗൗരവത്തില്‍ കണ്ടില്ല. മീന്‍ മാര്‍ക്കറ്റിന്റെ പ്രശ്‌നം പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. ആകെ ചെയ്‌തത്‌. വികസന കാര്യത്തിലെ വിവേചനമാണ്‌- പി.രമേശന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY