മഞ്ചേശ്വരത്ത് മൂന്നു യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രവണത വര്‍ധിക്കുന്നതില്‍ ആശങ്ക

 

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 20, 23, 39 വയസ്സ് പ്രായമുള്ള മൂന്നു യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, ഉദ്യാവരം, മാടയിലെ പരേതനായ ശേഖരയുടെ മകന്‍ ഗൗതം രാജ് (23), കുഞ്ചത്തൂര്‍, മരിയ ചര്‍ച്ച് കോംപൗണ്ടിലെ ബെന്നറ്റ് പെന്റോയുടെ മകന്‍ ബ്രയാന്‍ എല്‍ഡോണ്‍ പിന്റോ (20), കടമ്പാര്‍ മൊറത്തണ, കജകോടിയിലെ കൃഷ്ണ നായികിന്റെ മകന്‍ ബി. രാജേഷ് (39) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഉഡുപ്പിയില്‍ വീഡിയോ അനിമേറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഗൗതംരാജ്. മാതാവ് സത്യാവതിയും ഗൗതം രാജും ഹൊസബട്ടുവിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടുമാസമായി ഉഡുപ്പിയിലെ ജോലി സ്ഥലത്തേയ്ക്ക് പോകാതിരുന്ന ഇയാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേശ്വരം മൊറത്തണയിലെ കോണ്‍ക്രീറ്റ് തൊഴിലാളി രാജേഷി(40)നെ വീട്ടിനു സമീപത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു രാജേഷ്. മാതാവ്: സരോജിനി. ഭാര്യ: ഗീത. മകള്‍: തന്മയി (ആറു വയസ്സ്). സഹോദരങ്ങള്‍: ജയമാല, സവിത.
ബ്രയോണ്‍ എന്‍ഡോണ്‍ പിന്റോ തിങ്കളാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ നിന്നു സ്‌കൂട്ടറുമായി പുറത്തു പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനിടയില്‍ ചൊവ്വാഴ്ച ബ്രയോണിന്റെ സ്‌കൂട്ടര്‍ തറവാട് വീടിനു സമീപത്തു നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. സംശയം തോന്നി വീട്ടിനകത്തു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇമറ്റ് പിന്റോയാണ് മാതാവ്. ഏക സഹോദരി ബ്രയാണപിന്റോ.
മൂന്നു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് യുവാക്കളുടെ ആത്മഹത്യ പെരുകുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ, പ്രണയനൈരാശ്യം, രോഗം, മയക്കുമരുന്നുപയോഗം തുടങ്ങിയ കാരണങ്ങളാണ് ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതിനു കാരണമായി പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page