ഒരു കിഡ്നിയ്ക്ക് 40 ലക്ഷം രൂപവരെ; അന്തർ സംസ്ഥാന കിഡ്നി റാക്കറ്റിലെ 15 പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഡോക്ടർമാരും 

 

ഡൽഹിയിൽ അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് സംഘത്തിലെ 15 പേർ അറസ്റ്റിൽ. ഡോക്ടര്‍മാരും, ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഉൾപ്പെടെയുള്ള സംഘത്തെ ഡൽഹി ക്രൈം ബ്രാഞ്ച് ആണ് പിടികൂടിയത്. രോഗികളില്‍ നിന്ന് 40 ലക്ഷം രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ ഇടപാടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കിഡ്നി നൽകുന്നവർക്ക് 5 ലക്ഷം രൂപയാണ് നൽകിയിരുന്നത്. വൃക്ക തട്ടിപ്പ് സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാഴ്ചയായി പൊലീസ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു. സംഘം ഇടപെട്ട് 34 ശസ്ത്രക്രിയകള്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തി. ബംഗ്ലദേശി പൗരന്‍മാരാണ് വൃക്ക നല്‍കുന്നവരില്‍ കൂടുതല്‍. ആവശ്യമുള്ളവര്‍ക്ക് തട്ടിപ്പ് സംഘം വൃക്ക കൊടുക്കുന്നത് 30 മുതൽ 40 ലക്ഷം രൂപയ്ക്കും. സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് വൃക്ക നല്‍കാന്‍ ആളുകളെ പ്രലോഭിപ്പിച്ചിരുന്നത്. നോയിഡയിലെ ഒരു ആശുപത്രി കേന്ദ്രീകരിച്ച് 16 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായ വിജയ കുമാരിയെന്ന ഡോക്ടര്‍ മാത്രം 13 ശസ്ത്രക്രിയകള്‍ നടത്തി. ഓരോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ഡോക്ടര്‍ക്ക് ലഭിച്ചത് രണ്ട് ലക്ഷം രൂപ. സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഭർത്താവിന്‍റെ കിഡ്ന് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു ഡൽഹി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം. അന്വേഷണമെത്തിയത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടങ്ങുന്ന റാക്കറ്റില്‍. വ്യാജ രേഖകളുണ്ടാക്കി 11 ആശുപത്രികളില്‍ നിന്ന് കിഡ്നി തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അനധികൃത സ്റ്റാമ്പുകൾ, 17 മൊബെൽ ഫോണുകൾ, ഒൻപത് സിം കാർഡുകൾ, ഒന്നര ലക്ഷം രൂപ, രണ്ട് ലാപ്പ്ടോപ്പ് , ഒരു ആഡംബര കാർ, രോഗികളുടെ വ്യാജ രേഖകൾ തുടങ്ങിയവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page