സഹാനുഭൂതിയുടെ ബാക്കിപത്രം

ഭാഗം 13

ആയിടയ്ക്കാണ് വാടകയ്ക്ക് കൊടുത്തിരുന്ന നാട്ടിലെ എന്റെ മൂന്നു മുറി പീടിക നഷ്ടത്തിലാണെന്നും പറഞ്ഞു വാടകക്ക് വാങ്ങിയ ആള് തരാനുള്ള വാടക പോലും തരാതെ മുറിയൊഴിഞ്ഞു പോയത്.
നാട്ടുകാരനായത് കൊണ്ടും സുഹൃത്തായത് കൊണ്ടും ഞാന്‍ പിന്നെ തര്‍ക്കിക്കാനൊന്നും പോയില്ല.
പക്ഷെ അവിടെ ജോലിക്ക് നിന്ന സ്ത്രീ ജീവിക്കാന്‍ ഇനി വേറെ വല്ലതും നോക്കേണ്ടി വരുമെന്ന് പറഞ്ഞ് നിറകണ്ണുകളോടെ അവിടന്നിറങ്ങി പോകുന്നത് കണ്ടപ്പോ എന്തോ എനിക്കങ്ങനെ പറഞ്ഞു വിടാന്‍ തോന്നിയില്ല.
അവര്‍ക്ക് വേണ്ടി ആ കട ഞാന്‍ തന്നെ ഏറ്റെടുക്കുകയും അവരെ അവിടെ തന്നെ ജോലിക്ക് നിര്‍ത്തുകയും ചെയ്തു.
അധികം ലാഭമൊന്നുമില്ലെങ്കിലും നഷ്ടത്തിലല്ല താനും. അത് കൊണ്ട് അങ്ങനെ പോകട്ടെയെന്ന് ഞാനും കരുതി. ഇടക്ക് പോയി കണക്കും കാര്യങ്ങളുമൊക്കെ നോക്കും. ബാക്കിയൊക്കെ അവര്‍ തന്നെയായിരുന്നു നടത്തിയിരുന്നത്.
അതങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അന്യ നാട്ടില്‍ നിന്നും ഒരു സ്ത്രീയും അവരുടെ രണ്ട് സഹോദരിമാരും വയസ്സായ അമ്മയും കൂടെ ഞങ്ങളുടെ നാട്ടിലേക്ക് കുടിയേറി വന്നത്. സ്വഭാവികമായും നാട്ടുകാര്‍ പറഞ്ഞറിഞ്ഞു ആദ്യമവര്‍ സഹായം തേടി വന്നത് എന്റെയരികിലേക്ക് തന്നെയായിരുന്നു.
സഹായം ചോദിച്ചു വന്നവരെ മടക്കിയയക്കല്‍ എനിക്ക് അത്രയും വേദനയുള്ളതായത് കൊണ്ട് ആ സ്ത്രീയെ മറ്റേ സ്ത്രീയോടൊപ്പം കടയില്‍ സഹായത്തിന് നിറുത്തി.
വീടിന്റെ അല്‍പം അരികിലായി ഉണ്ടായിരുന്ന പഴയ ഒറ്റമുറി ഷെഡ്ഡില്‍ അവര്‍ക്ക് താമസിക്കാനുള്ള അനുവാദം കൊടുക്കുകയും ചെയ്തു.
വീട്ടില്‍ എന്തെങ്കിലുമൊക്കെ സഹായത്തിനും പുറം പണിക്കൊക്കെയായി അവരുടെ സഹോദരിമാരും വരും.
അത് സൈനബക്ക് നല്ല സഹായവുമായിരുന്നു. മക്കളൊക്കെ പുറത്തായത് കൊണ്ട് അവള്‍ക്ക് മിണ്ടാനും പറയാനുമൊക്കെ അവള്‍ ഒരു കൂട്ടുമായിരുന്നു. ഞങ്ങടെ വിശ്വാസം നേടിയെടുക്കാന്‍ പിന്നെ അധികം സമയമൊന്നും വേണ്ടായിരുന്നു അവര്‍ക്ക്.
വൈകാതെ അവര്‍ ഞങ്ങടെ അടുത്ത കുടുംബം പോലെ ആയിമാറി.
അതോടെ പീടികയുടെ മുഴുവന്‍ ചുമതലയും ഞാന്‍ കുടിയേറി വന്ന ജാനകിക്ക് കൈമാറി.
ജാനകിയുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരിക്കയായിരുന്നു. അനിയത്തിമാര്‍ വിവാഹം കഴിക്കണമെങ്കില്‍ ചേച്ചി വീണ്ടും ഒരു ജീവിതം തുടങ്ങണമെന്ന് അവരും വാശി പിടിച്ചു.
അതിന്റെ പേരില്‍ ഞങ്ങള്‍ തന്നെ മുന്‍കയ്യെടുത്ത് ജാനകിക്ക് ഒരു വിവാഹബന്ധം ആലോചിക്കുകയും വിവാഹം വരെ അതെത്തുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും അവരുടെ മനസ്സ് മാറുകയും ആദ്യത്തെ ഭര്‍ത്താവിനെ തന്നെ വേണമെന്ന് വാശി പിടിക്കുകയും ചെയ്തു.
ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന നല്ല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ തിരഞ്ഞു ഞാന്‍ തന്നെ അവരുടെ നാട്ടിലേക്ക് ചെല്ലുകയും അയാളെ കണ്ട് പിടിക്കുകയും വീണ്ടും ജാനകിയെ അയാളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.
അതോടെ അവര്‍ വീണ്ടും നാട്ടിലേക്കു പോവുകയും ചെയ്തു.
പക്ഷെ കുറച്ചു നാളുകള്‍ മാത്രമേ ആ ജീവിതത്തിനും ആയുസുണ്ടായിരുന്നുള്ളു. വീണ്ടും അവര്‍ക്കിടയില്‍ വിള്ളലുകളും പോറലുകളുമുണ്ടായി. മരിക്കാന്‍ വരെ ജാനകി തയ്യാറായി. വീണ്ടും വിവാഹം കഴിപ്പിച്ചതിലുള്ള വാശിയോ കൊടുത്ത നല്ല ജീവിതം വീണ്ടും തിരികെപ്പോയതിലുള്ള പരിഭവമോ വൈരാഗ്യമോ എന്നറിയില്ല ആത്മഹത്യ ശ്രമത്തിന് കാരണക്കാരന്‍ ഞാനാണെന്നു അവള്‍ എല്ലാവരോടും വിളിച്ചു പറഞ്ഞു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു എന്റെ ചെവിയിലുമെത്തി.
ഞാന്‍ വീണ്ടും അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി അവരെ നാട്ടിലേക്കു തിരികെ കൊണ്ട് വരികയും പഴയ ജോലി നല്‍കുകയും അതേ ഇടം കിടപ്പാടമാക്കികൊടുക്കുകയും ചെയ്തു. അതോടെ സൈനബയും അവരും തമ്മിലുള്ള ബന്ധം ഒന്നു കൂടി ദൃഢമായി.
എന്നെക്കാള്‍ പാവമാണ് സൈനബ.
കൂടപ്പിറപ്പിന്റെ സ്‌നേഹം കൊടുത്തപ്പോ ഓള്‍ക്കൊരാഗ്രഹം. ഞമ്മക്ക് വേണ്ടുവോളം സമ്പത്തുണ്ടല്ലോ. അതില്‍ നിന്ന് കുറച്ചു ഭൂമി അവര്‍ക്ക് സ്വന്തമായി കൊടുക്കാനും അതിലൊരു വീട് വെച്ചു കൊടുക്കാനും ഓളെന്നോട് ആഗ്രഹം പ്രകടിപ്പിച്ചു.
ഞാന്‍ പിന്നെ അതിന് എതിരൊന്നും പറഞ്ഞില്ല.
കുതിരപ്പുറത്ത് വന്നവനായാലും യാചിക്കുകയാണെങ്കില്‍ അവന്റെ കൈ തട്ടിമാറ്റരുതെന്ന് എന്റെ നബി പഠിപ്പിച്ചിട്ടുള്ളത് ഓര്‍ത്തു.
അതുകൊണ്ടുതന്നെ ആ കാര്യത്തില്‍ എനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
അവര്‍ക്ക് അല്‍പം ഭൂമി സ്വന്തമാക്കി കൊടുക്കുകയും അതിലൊരു വീട് വച്ചു കൊടുക്കുകയും ചെയ്തു.
ആണുങ്ങളാരുമില്ലാത്തത് കൊണ്ട് അവരുടെ പല കാര്യങ്ങളും എന്റെ ചുമതലയില്‍ ചെയ്തു കൊടുക്കാന്‍ സൈനബ എന്നോട് നിര്‍ബന്ധം പിടിക്കും.
പിന്നെ സഹായിക്കുന്നതിന്റെ കാര്യത്തില്‍ ആണ്‍ പെണ്‍ എന്ന വ്യത്യസമൊന്നും ഞാന്‍ നോക്കാറില്ല.
പിന്നെ എന്റെ സുഹൃത്ത് വലയത്തിലുമുണ്ട് അല്‍പം സ്ത്രീ സാന്നിധ്യം.
അത് കൊണ്ട് തന്നെ അതൊന്നും എനിക്കൊരു കുറച്ചിലല്ലായിരുന്നു. ആരുടെ മുന്നിലും മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ മറയെന്തിനാണെന്ന് പറയും പോലെ ഒളിവില്ലാതെ മറയില്ലാതെ ഞാനവരുടെ കാര്യങ്ങള്‍ ചെയ്തു കൊടുത്തു.
ആയിടക്കാണ് ജാനകിക്ക് ആരോ മുഖേന കാനഡയിലേക്ക് ഒരു വിസ ശരിയാകുന്നത്. പക്ഷെ ആ വിസ കിട്ടണമെങ്കില്‍ നിയമപ്രകാരം അവള്‍ക്കൊരു ഭര്‍ത്താവ് വേണം. പക്ഷെ ആ സ്ത്രീക്ക് മറ്റൊരു വിവാഹത്തിന് താല്‍പര്യവുമില്ല. കാനഡയിലേക് പോവുകയും വേണം.
അങ്ങനെ മുന്നില്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് സൈനബയുടെ സമ്മതപ്രകാരം ഞാന്‍ അവരെ രജിസ്റ്റര്‍ വിവാഹം കഴിക്കുകയും കാനഡയിലേക്ക് പോവുകയും ചെയ്തത്.
പക്ഷെ പോയ വിസ ശരിയാകാതെ ജാനകി വീണ്ടും നാട്ടിലേക്ക് തിരികെ വന്നു.
ജാനകിയുടെ അഭാവത്തില്‍ കടയേറ്റെടുത്ത ആള്‍ക്ക് അതത്ര പിടിച്ചില്ല. ഒളിഞ്ഞും തെളിഞ്ഞും അയാളവളെ വീണ്ടും നാട് കടത്താനുള്ള വഴി നോക്കുന്നുണ്ടെന്ന് ഞാനറിഞ്ഞിരുന്നു.
പക്ഷെ കാര്യമാക്കിയില്ല. അവനവന്റെ വയറ്റിപ്പിഴപ്പിനെ ഓര്‍ത്തല്ലേയെന്ന് കരുതി ക്ഷമിക്കുകയായിരുന്നു.
പക്ഷെ കളി വൈകാതെ കാര്യമായി.
ഞാനും ജാനകിയും തമ്മില്‍ അതിരു കടന്ന ബന്ധമുണ്ടെന്ന് അയാള്‍ നാട്ടില്‍ പരത്താന്‍ തുടങ്ങി.
ആദ്യം അത് സൈനബ ചെവിക്കൊണ്ടില്ലെങ്കിലും നിരന്തരം തേടി വരുന്ന വാര്‍ത്തകള്‍ അവളുടെ മനസ്സിലും സംശയത്തിന്റെ വിഷമുള്ള് പോലെ തറച്ചു കയറി.
രഹസ്യമായി അവളും എന്നെ നിരീക്ഷിക്കാന്‍ തുടങ്ങി.
അപ്പൊ ശരിയാണ് ഞാനവരുടെ വീട്ടില്‍ സമയഭേദമില്ലാതെ കടന്നു ചെല്ലുന്നു. അവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. കടയുടെ ഉത്തരവാദിങ്ങള്‍ പൂര്‍ണ്ണമായി നല്‍കുന്നു.
പോരാത്തതിന് നിയമപ്രകാരം ഞാന്‍ ജാനകിയുടെ ഭര്‍ത്താവുമാണ്. മക്കളുടെ കാര്യം പിന്നെ പറയണ്ടല്ലോ.
അവരുടെ മനസ്സിന് മുറിവേല്‍ക്കാന്‍ കുറച്ചു മതിയായിരുന്നു.
ഓരോ ദിവസവും ഉപ്പയുടെ അവിഹിതത്തിന്റെ കഥ നാട്ടിലും വീട്ടിലും കഥകളായി പിറക്കുന്നു.
ആര്‍ക്കാണ് വേദനിക്കാതിരിക്കുക. കേട്ടകഥകള്‍ അവരുടെ ഉള്ളിലും വിഷം തീണ്ടി തുടങ്ങി.
സംശയത്തിന്റെ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് അവര്‍ സ്വയം വേദനിക്കുന്നതിനോടൊപ്പം എന്നെയും വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കാന്‍ തുടങ്ങി.
ജാനകിയെ കാണരുതെന്നും മിണ്ടരുതെന്നും അവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നുമൊക്കെ അവരെന്നെ വിലക്കി. പക്ഷെ എനിക്കങ്ങനെ ഒരു നിമിഷം കൊണ്ട് അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയുമായിരുന്നില്ല. അല്‍പം സമയം വേണമെന്ന എന്റെ വാക്കിനെ നിഷ്‌കരുണം അവര്‍ വെറുപ്പാണെന്ന വാക്ക് കൊണ്ട് തള്ളി കളഞ്ഞു. അതില്‍ പിന്നെ അവരെന്നോട് മിണ്ടാറില്ല.
സൈനബയും അതേ വഴി തന്നെ. ഒരേ വീട്ടിലെ രണ്ടപരിചിതരായി മാറാന്‍ ഞങ്ങള്‍ക്ക് പിന്നെ അധികം സമയം വേണ്ടി വന്നില്ല. ഏറ്റവും അടുപ്പമുള്ള അപരിചിതര്‍.
ഇപ്പൊഴെനിക്ക് മക്കളില്ല ഭാര്യയില്ല. എല്ലാവരുമുണ്ടെങ്കിലും ആരുമില്ലാത്തവനാണ്.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഞാനെന്തിന് തല മറക്കണമെന്ന എന്റെ മനസാക്ഷിയുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പിടിച്ചു നിന്നു. ആരുടെയും കുറ്റപ്പെടുത്തലുകളോ കുത്തുവാക്കുകളോ എന്നെ തളര്‍ത്തിയില്ല. എല്ലാം റബ്ബിന്റെ കോടതിയിലേക്ക് വിട്ടു കൊടുത്തു.
നാട്ടുകാരുടെ നിയമപുസ്തകത്തിലെ അവിഹിതകാരനായി ഞാനാ നാട്ടില്‍ തന്നെ തലയുയര്‍ത്തി നടന്നു.
എങ്കിലും ഇടക്ക് ഉള്ള് പൊള്ളും. അനുഭവിച്ച വേദനകള്‍,കൊണ്ട വെയില്‍ പൊള്ളിയടര്‍ന്ന പകലുകള്‍.
അങ്ങനെ പലതും ഓര്‍മയില്‍ കൂടെ കിതച്ചെത്തും.
ഒക്കെ ആര്‍ക്കു വേണ്ടിയായിരുന്നോ അവര്‍ തന്നെ അതേ സുഖലോലുപതയിലിരുന്ന് എന്നെ തള്ളി കളഞ്ഞിരിക്കുന്നു. അവര്‍ക്ക് എന്നെ വേണ്ടെങ്കിലും എനിക്കവരെ വേണ്ടാതാകുന്നില്ലല്ലോയെന്ന് സ്വയം സമാധാനിക്കും.
എന്നെങ്കിലുമൊരിക്കല്‍ എല്ലാം കലങ്ങിത്തെളിയും. അത് വരെ ഇങ്ങനെ ജീവിക്കാമെന്ന് ഞാനും കരുതി.
ആരുമില്ലാത്തവന് ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്.
എങ്കിലും ഇനിയും അവസാനിച്ചിട്ടില്ലാത്ത എന്റെ ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ എത്ര പരീക്ഷണങ്ങള്‍ ബാക്കിയുണ്ടെന്നറിയില്ല. ഓരോ നിമിഷങ്ങള്‍ കടന്ന് പോകുമ്പോഴും ഉള്ളില്‍ ഭയമാണ്.
അടുത്തതെന്താണെന്ന ചിന്ത അസ്വസ്ഥത സൃഷ്ടിക്കും. എങ്കിലും മുന്‍കൂട്ടി എഴുതപ്പെടാനാവാത്ത
എന്റെ യാത്ര ഞാന്‍ വീണ്ടും തുടരുകയാണ്. എവിടെ അവസാനിക്കുമെന്നോ എന്തായി തീരുമെന്നൊ ഒന്നും അറിയില്ല. എങ്കിലും തുടരാതെ വയ്യല്ലോ.
നിങ്ങള്‍ മറിക്കുന്ന ഈ അവസാനത്തെ പേജില്‍, എന്റെ ജീവിതത്തിന്റെ താളുകള്‍ക്ക് ഞാന്‍ അവസാനം കുറിക്കുകയാണ്. ഇനിയും തുടരുമായിരിക്കും, പക്ഷെ മുന്‍കൂട്ടി എഴുതാന്‍ വഴിയില്ലല്ലോ. അത് കൊണ്ട് എന്റെ ജീവിതനാടകത്തിന് ഞാനിവിടെ തിരശീല വീഴ്ത്തുകയാണ്.
.
(അവസാനിച്ചു)

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page