കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു കേസുകളില്‍ ജ്യാമത്തിലിറങ്ങി മുങ്ങിയ പ്രതിയെ വിദേശത്തു നിന്നും തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് അറസ്റ്റുചെയ്തു. കടുമേനി പട്ടേങ്ങാനം സ്വദേശി ഏണിയക്കാട്ടില്‍ ആന്റോ ചാക്കോച്ചനെ(28)യാണ് നേപ്പാളില്‍ നിന്ന് ഇന്‍സ്റ്റഗ്രാം ചാറ്റ് നടത്തി നാട്ടിലെത്തിച്ചത്. ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ അരുണന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാജു. നികേഷ് എന്നിവര്‍ മുംബൈ കല്യാണില്‍ എത്തിച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2019 ലാണ് വാഹന മെക്കാനിക്കായ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച കേസില്‍ ആറ് മാസം റിമാന്‍ഡില്‍ കഴിയുകയും തുടര്‍ന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ആയിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ഇയാള്‍ വീണ്ടും കുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ വീണ്ടും പരാതി നല്‍കിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇന്ത്യയിലെ വിദേശത്തുമായി മുങ്ങി നടക്കുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളില്‍ എത്തി അവിടെ അനുപ് മേനോന്‍ എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. അതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ, വീട്ടുകാരെ ബന്ധപ്പെടാതിരിക്കുകയും ചെയ്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. പുതിയ പേരില്‍ പാസ്‌പോര്‍ട്ട് എടുക്കാനായി നേപ്പാളില്‍ നിന്നും മഹാരാഷ്ട്രയിലെ മുംബൈയില്‍ എത്തിയിരുന്നു. അതിനിടേയാണ് യുവാവ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചത്. സ്ത്രീയെന്ന വ്യാജേന അന്വേഷണ സംഘം ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത് യുവാവിനെ പ്രത്യേക സ്ഥലത്ത് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. കാഞ്ഞങ്ങാട്ട് എത്തിച്ച പ്രതിയെ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്ച ഉച്ചയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.