സര്‍ക്കാരിന്റെ തീരദേശ സംരക്ഷണ പദ്ധതി: കാസര്‍കോട്ട് ഇതാ, ഇങ്ങനെ

കാസര്‍കോട്: തീരദേശ സംരക്ഷണത്തിന് കടല്‍ഭിത്തിയുടെ പേരില്‍ വര്‍ഷാവര്‍ഷം എത്ര കോടി രൂപ സര്‍ക്കാര്‍ കടലിലൊഴുക്കുന്നു?
കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നാങ്കി തീരത്ത് കടല്‍ഭിത്തി ഉണ്ടാക്കാന്‍ അധികൃതര്‍ അടുക്കിവച്ചിരുന്ന കരിങ്കല്‍ കഷണങ്ങള്‍ കടലെടുത്തു. കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു കരിങ്കല്‍കഷണങ്ങള്‍ കടപ്പുറത്ത് സര്‍ക്കാര്‍ സന്നാഹങ്ങള്‍ ഇറക്കി മൊഞ്ചത്തില്‍ അടുക്കി വെച്ചപ്പോഴേ നാട്ടുകാര്‍ പറഞ്ഞു-ഈ പദ്ധതിയൊന്നും കടലിനോട് നടക്കില്ല. ജല്ലിക്കഷണങ്ങള്‍ കൂട്ടിവെച്ചാല്‍ കടല്‍പ്പാറയാവില്ല. എന്നാല്‍, നോക്കിക്കോ എന്ന മുന്നറിയിപ്പാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങള്‍ നോക്കിയിരിക്കെ മൊഗ്രാല്‍ നാങ്കിയിലും പെര്‍വാഡ് കടപ്പുറത്തും അടുക്കി വെച്ചിരുന്ന കരിങ്കല്‍ കഷണങ്ങള്‍ തിരമാല നക്കിയെടുത്തു.
മാത്രമല്ല, ഒരു ഭാഗത്ത് ഇവിടെ ഒപ്പിച്ചുവെച്ചിരുന്ന കടല്‍ഭിത്തിയും കടലെടുത്തു കൊണ്ടിരിക്കുന്നു. ഉപായം കൊണ്ടു കടല്‍ഭിത്തിയും തീരസംരക്ഷണവും നടത്തുന്ന ഏര്‍പ്പാട് ദരിദ്രമായ ഖജനാവിന്റെ ആണിക്കല്ലു തകര്‍ക്കുകയാണെന്ന് അധികൃതര്‍ തിരിച്ചറിയാനെങ്കിലും ശ്രമിച്ചിരുന്നെങ്കില്‍ ഖജനാവിന്റെ ഇപ്പോഴത്തെ ദുരവസ്ഥയെങ്കിലും മാറ്റാമായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് അഭിപ്രായമുണ്ട്. പക്ഷെ, മോന്തായം വളഞ്ഞാല്‍ പിന്നെ ആര്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പരിതപിക്കുകയാണ്.
വര്‍ഷകാലത്ത് തീരദേശവാസികള്‍ ആശങ്കയിലാണ്. അവസാനമില്ലാത്ത ഭീതിയില്‍ ഇങ്ങനെ, എത്രകാലം മുന്നോട്ട് പോവാനാവുമെന്നു ജനങ്ങള്‍ ആശങ്കപ്പെടുകയാണ്.
കല്ലുകള്‍ വെച്ചും മണല്‍ച്ചാക്കുകള്‍ അടുക്കിയും കോടികള്‍ കടലിലൊഴുക്കിയതു കൊണ്ട് കടലാക്രമണം ശമിക്കില്ലെന്നു ജനങ്ങള്‍ അറിയുന്നുണ്ട്. കടല്‍ക്ഷോഭം പ്രകൃതി പ്രതിഭാസമാണ്. തീരപ്രദേശത്ത് എന്നും കടലാക്രമണം ഉണ്ടാവും. ഇതറിഞ്ഞു കൊണ്ട് അത്തരം പ്രദേശങ്ങളില്‍ നിന്നു നിര്‍ദ്ദിഷ്ട ദൂരത്തില്‍ ജനവാസം ഒഴിവാക്കുകയാണ് ശാശ്വത പരിഹാരമെന്ന് അധികൃതര്‍ക്കു മാത്രം മനസ്സിലാവുന്നില്ല- തീരദേശസംരക്ഷണ നിയമങ്ങളില്‍ ഇളവു വരുത്തി രണ്ടു വോട്ട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നിടത്തോളം ജനങ്ങള്‍ക്കും ഖജനാവിനും നഷ്ടം നേരിട്ടുകൊണ്ടിരിക്കുമെന്ന് ജനങ്ങള്‍ പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page