കാസര്‍കോട്: ഇന്നലെ വൈകുന്നേരം വരെ നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന പൊതു കിണര്‍ തിങ്കളാഴ്ച രാവിലേക്ക് അപ്രത്യക്ഷമായി. മംഗല്‍പ്പാടി, പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉപ്പള, ഭഗവതി ഗേറ്റിലുള്ള ആള്‍മറയോടു കൂടിയ പൊതു കിണറാണ് അപ്രത്യക്ഷമായത്. ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയായിരിക്കം കാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ പതിവ് പോലെ വെള്ളം കോരാന്‍ എത്തിയവരാണ് കിണര്‍ ഇടിഞ്ഞു താഴ്ന്ന സംഭവം ആദ്യം അറിഞ്ഞത്. 50 വര്‍ഷത്തോളം പഴക്കമുള്ള ഈ കിണര്‍ കൊടും വേനലില്‍ പോലും വറ്റാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. സമീപത്തെ പതിനഞ്ചോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്.
