കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശപാതയിലെ കളനാട് ഓവര്‍ ബ്രിഡ്ജില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ്(28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. കളനാട് ഉമേഷ് ക്ലബിന് സമീപത്തെ റോഡില്‍ ബുള്ളറ്റ് മറിഞ്ഞ നിലയിലും യുവാവ് പരിക്കേറ്റ് വീണ് കിടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബുള്ളറ്റ് തെങ്ങിലിടിച്ച് മറിഞ്ഞാണ് അപകടമെന്ന് മേല്‍പ്പറമ്പ് പൊലീസ് അറിയിച്ചു. അടുത്ത ദിവസം ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് മരണം. ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഫാത്തിമയെ പടന്നയിലെ വീട്ടിലെത്തിച്ച് തിരിച്ചുവരവേയാണ് അപകടത്തില്‍പെട്ടത്. അഫ്രീദ് സഹോദരനാണ്.