കണ്ണൂര്‍: പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 78 ലക്ഷം രൂപ വില മതിക്കുന്ന 1123 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, ബാലുശ്ശേരി, ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മല്‍ ഹൗസിലെ ടി.ടി ജംഷീറി(35)ല്‍ നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്വര്‍ണ്ണം പിടികൂടിയത്. ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ മട്ടന്നൂര്‍-കൂത്തുപറമ്പ റോഡില്‍ വെച്ചാണ് എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.പി അഭിലാഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ജംഷീര്‍ സ്വര്‍ണ്ണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയ ജംഷീര്‍ ഭദ്രമായി പുറത്തെടുത്ത സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി പോകാനൊരുങ്ങുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.
