സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി

കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും പരസ്പരം ആശ്വസിപ്പിക്കാനാകാതെ കണ്ണീരണിഞ്ഞു. കുവൈത്തില്‍ ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഇരുവരുടെയും മൃതദേഹങ്ങള്‍ മറ്റു മൃതദേഹങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെയാണ് വ്യോമസേനാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കിയ ശേഷം വെവ്വേറെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് എത്തിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ചെര്‍ക്കള, കുണ്ടടുക്കത്തെ കെ. രഞ്ജിത്തിന്റെയും തൃക്കരിപ്പൂരിലെ കേളുപൊന്മലേരിയുടെയും മൃതദേഹങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ എത്തിച്ചത്. കേളുവിന്റെ മൃതദേഹം എം. രാജഗോപാല്‍ എം.എല്‍.എ.യും സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദും ചേര്‍ന്ന് ഏറ്റുവാങ്ങി. കാലിക്കടവിലും തെക്കുമ്പാട്ടെ യുവജനവായനശാല മുറ്റത്തും പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങളാണ് കണ്ണീര്‍ പൂക്കളുമായി ഇവിടേക്ക് ഒഴുകിയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെത്തിച്ചു. അവിടെയും ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. വികാര നിര്‍ഭരമായ അന്തരീക്ഷമാണ് വീട്ടുമുറ്റത്ത് ഉണ്ടായത്. ഭര്‍ത്താവിന്റെ ആകസ്മിക വിയോഗം സഹിക്കാന്‍ കഴിയാതെ വിതുമ്പിയ ഭാര്യയേയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. രാത്രി പത്തര മണിയോടെ കേളുവിന്റെ മൃതദേഹം ആണൂരിലെ സമുദായ ശ്മശാനത്തില്‍ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. പ്രവാസത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി കുടുംബത്തോടെ ശിഷ്ട ജീവിതം നയിക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് കേളു മണ്ണോട് ചേര്‍ന്നത്.
രാത്രി 8.40 മണിയോടെയാണ് ചെര്‍ക്കള കുണ്ടടുക്കത്തെ കെ. രഞ്ജിത്തിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് എത്തിയത്. മൃതദേഹം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. അപ്പോഴേക്കും ആയിരങ്ങളാണ് കുണ്ടടുക്കത്ത് എത്തിച്ചേര്‍ന്നത്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ, ജില്ലാ കമ്മിറ്റി അംഗം ടി.എം.എ കരിം, ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുല്ലക്കുട്ടി, ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു
അടുത്ത മാസം നാട്ടിലെത്തുമെന്നു അറിയിച്ചിരുന്ന പൊന്നോമന പുത്രന്റെ ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ മാതാപിതാക്കളായ രവീന്ദ്രനെയും രമണിയേയും ആശ്വസിപ്പിക്കാനാകാതെ നേതാക്കളും ബന്ധുക്കളും കുഴങ്ങിയ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.
അടുത്ത മാസം നാട്ടിലെത്തി കല്യാണം ആലോചിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാര്‍. അതിനിടയിലാണ് കുവൈത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രഞ്ജിത്തിന്റെ ജീവന്‍ പൊലിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page