അങ്ങനെ ആരെയും കാത്തു നില്‍ക്കാതെ ദിവസവും മാസങ്ങളും ശരവേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.
ഋതുക്കള്‍ മാറി മറിഞ്ഞു വര്‍ഷങ്ങള്‍ പലതും കടന്ന് പോയി. അതിനിടയില്‍ ഗള്‍ഫുകാരന്റെ വീമ്പു പറച്ചിലോടെ നാട്ടില്‍ പലതവണ ഞാന്‍ പോയി വന്നു. ഗതിയില്ലാതെ ഭാര്യയെ വിറ്റവനെന്ന് മുഖത്ത് നോക്കി പറഞ്ഞവര്‍ക്കുള്ള ആദ്യത്തെ അടിയായിരുന്നത്. സാമ്പത്തിക ഭദ്രത കൈ വന്നെങ്കിലും അഹങ്കരിക്കാന്‍ മാത്രം ഞാന്‍ പഠിച്ചില്ലായിരുന്നു. കടന്നുവന്ന വഴികളും അനുഭവങ്ങളും അതെന്നെ പഠിപ്പിച്ചുവെന്ന് വേണമെങ്കില്‍ പറയാം.

ഭാഗ്യത്തിന്റെ കൊടുമുടിയില്‍ നിന്നാണ് നിര്‍ഭാഗ്യത്തിന്റെ ചവറ്റുകൂനയിലേക്ക് ഞാന്‍ പലപ്പോഴും വീണു പോയിട്ടുള്ളത്. വീണ്ടും ഏത് നിമിഷവും വീണ് പോകുമോയെന്ന് പോലും ഞാനിപ്പോ ഭയപ്പെടുന്നുണ്ട്. പിന്നെ ആ ഞാന്‍ എങ്ങനെ അഹങ്കരിക്കാനാണ്. സ്വന്തം ജീവിതം ആദ്യം ഒന്നടുക്കിപ്പെറുക്കി വെക്കണമെന്ന തോന്നലില്‍ നിന്നാണ് കുടുംബത്തിനെ മുഴുവന്‍ കൈപിടിച്ച് കയറ്റിയത്.
പെങ്ങന്മാരുടെ വിവാഹം. അവര്‍ക്ക് ആരുടെയും അടുക്കളപ്പുറം നിരങ്ങാതെ അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഓരോ വീട്. അതെല്ലാം എന്റെ സ്വപ്‌നത്തിന്റെ ഭാഗമായത് കൊണ്ട് തന്നെ ഭാരം തോന്നിയതേയില്ല.
മറിച്ച് മനസ്സ് നിറയെ ഒരുതരം ചാരിതാര്‍ത്ഥ്യമായിരുന്നു.
കടമ നിറവേറ്റിയെന്ന മനസ്സമാധാനവും. അതിനിടയില്‍ എനിക്കൊരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും പിറന്നു.
ഞാന്‍ ഒരു മതവിശ്വാസി ആയിരുന്നെങ്കിലും ഒരു മതത്തിലും അടിയുറച്ച് വിശ്വസിക്കാന്‍ അന്നെനിക്ക് മനസ്സില്ലായിരുന്നു. ജീവിതത്തിലെ ദുരിതങ്ങളും അനുഭവങ്ങളും എന്നെ അങ്ങനെ ആക്കിത്തീര്‍ത്തതായിരുന്നു.
ഓരോ തവണ വീണു പോകുമ്പോഴും പല ദൈവത്തിന്റെയും അടിയാളന്മാരായിരുന്നു എന്നെ കൈ പിടിച്ചു ഉയര്‍ത്തിയിരുന്നത്. ആദ്യം നാണുവേട്ടന്റെ രൂപത്തിലും പിന്നീട് വര്‍ഗീസ് മാപ്പിളയുടെ രൂപത്തിലും അബ്ദുള്ള കുട്ടിയുടെ രൂപത്തിലുമൊക്കെ അവരെന്റെ മുന്നില്‍ ദൈവമായി അവതരിച്ചിരുന്നു.
അന്ന് നാണുവേട്ടന്റെ മുത്തപ്പന് മാപ്പിള ചെക്കനാണെന്ന് പറഞ്ഞ് എന്നെ വഴിയിലുപേക്ഷിക്കാമായിരുന്നു. അതുമല്ലെങ്കില്‍ വര്‍ഗീസ് മാപ്പിളയുടെ കര്‍ത്താവിന് അതാകുമായിരുന്നു. അതുമല്ലെങ്കില്‍ എന്നെ ഓര്‍ക്കാത്തവനാണെന്ന് പറഞ്ഞ് എന്റെ പടച്ചവന് തന്നെ എന്നെ പാടെ തള്ളിക്കളമായിരുന്നു. അങ്ങനെ ആരും ഉപേക്ഷിക്കാത്തത് കൊണ്ട് മൂന്നുപേരേയും ഞാന്‍ മുറുകെ പിടിച്ചു പോന്നു.
അത് കൊണ്ട് തന്നെ ഒരു ദൈവത്തിലും അടിയുറച്ച് വിശ്വസിക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു.
അന്ന് തോന്നിയ ഒരു ദുരാഗ്രഹമാണ് മക്കള്‍ക്ക് മതമൈത്രിയുള്ള പേര് നല്‍കണമെന്നത്. അതിന് വിലങ്ങു തടിയായി തോന്നിയ ഒരേയൊരാള്‍ സൈനബയായിരുന്നു.
ആദ്യം അവളെതിര്‍ത്തെങ്കിലും ബഹളം വെച്ച് ഉമ്മിയുടെ മുന്നില്‍ പരാതി പറഞ്ഞെങ്കിലും എന്റെ തീരുമാനത്തിന് മാറ്റമില്ലെന്ന് തോന്നിയപ്പോ അവള്‍ സ്വയം താഴ്ന്ന തന്നു. അങ്ങനെ ആദ്യത്തവന്‍ ശ്യാമും രണ്ടാമത്തവള്‍ ഷെറിനും മൂന്നാമത്തവന്‍ ഷാഹിദുമായി മാറി.
കേള്‍ക്കുമ്പോ പലര്‍ക്കും അത്ഭുതമൂറുമെങ്കിലും അതെനിക്കൊരു ഹരമായിരുന്നു. എന്നെ ഞാനാക്കിയ മനുഷ്യരോടുള്ള അടങ്ങാത്ത സ്‌നേഹം പോലെ.
എല്ലാവരെയും കരകയറ്റി. എല്ലാവര്‍ക്കും എല്ലാമായി.
ഇനി എനിക്കൊരു സ്വപ്‌നം കൂടെ ബാക്കിയുണ്ട്.
സ്വന്തമായി ഒരു വീട്. അത് വെറും വാക്ക് പോലെ അല്ല.
കുഞ്ഞ് നാള്‍ മുതല്‍ മനസ്സില്‍ കണ്ടൊരു കൊട്ടാരമുണ്ട് സങ്കല്‍പത്തില്‍ അതിനൊരു ചിത്രവും. അത് പോലെ തന്നെയാവണം യാഥാര്‍ത്ഥ്യവുമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അടിവാരത്തിന് താഴെ പലപ്പോഴായി വാങ്ങിയിട്ട കുറച്ചു ഭൂമിയുണ്ട്. കവുങ്ങും തെങ്ങും റബ്ബറുമൊക്കെ തിങ്ങി നിറഞ്ഞ മനോഹരമായ ഒരിടം.
അതിന് താഴത്ത് കൂടെ ഒഴുകി അകലുന്ന ഒരു അരുവിയുമുണ്ട്. കുന്നിന്റെ മുകളില്‍ നിന്ന് നോക്കിയ സ്വര്‍ഗം പോലെ തോന്നുന്നൊരിടം. അവിടെ തന്നെ മതിയെന്ന് മനസ്സ് പറഞ്ഞപ്പോ മറ്റൊന്നും നോക്കിയില്ല. പഴയൊരു നാല് കെട്ട്. പഴയ തറവാടിന്റെ പകിട്ട് തോന്നിപ്പിക്കുന്ന ഒരു വീട്.
ഓട് പാകിയും സിമന്റ് പാകിയും ഏറ്റവും മനോഹരമായി തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി. ഒറ്റ നോട്ടത്തില്‍ കാടിന്റെ നടുവിലൊരു കൊട്ടാരം പോലെ തോന്നിപ്പിക്കുമായിരുന്നു. തണുത്ത കാറ്റും അതിനൊത്ത തണലും മുറ്റം നിറയെ ഭംഗിയുള്ള പൂക്കളും കൊണ്ട് അതൊരു സ്വര്‍ഗം തന്നെയായി മാറി.
ഗള്‍ഫിലെ തുടരെയുള്ള എന്റെ ജീവിതം വീണ്ടും മാറി മറിഞ്ഞു കൊണ്ടിരുന്നു. അറബി ഭാഷയിലെ പാണ്ഡിത്യം ഏക ഇലാഹ എന്റെ റബ്ബിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചു.
അതോടെ പള്ളിയോടുള്ള അടുപ്പവും അറബികളോടുള്ള അടുപ്പവും കൂടി. നാട്ടിലെ ഓടുപാകിയ പള്ളികള്‍ക്ക് പകരം എന്റെ മേല്‍നോട്ടത്തില്‍ അറബികളുടെ സഹായത്തോടെ വലിയ പള്ളികളുയര്‍ന്നു. നിസ്‌ക്കാര പള്ളികളില്ലാത്ത ഇടങ്ങളില്‍ പള്ളികളും ജുമുഹ പള്ളികളും തലയുയര്‍ത്തി തുടങ്ങി. അങ്ങനെ എട്ടോളം പള്ളികള്‍ എന്റെ മേല്‍നോട്ടത്തില്‍ നാട്ടില്‍ ഉയര്‍ന്നു കഴിഞ്ഞു. അതോടെ നാട്ടുകാര്‍ക്കിടയില്‍ എനിക്ക് ബഹുമാനവും മതിപ്പും കൂടി കൂടി വന്നു.
പട്ടിണികിടന്ന കാലത്തിന്റെ ഓര്‍മകള്‍ പുതുക്കും പോലെ ചിലയിടങ്ങളിലെ സദസുകളില്‍ ഞാനെന്റെ അനുഭവങ്ങള്‍ പങ്കു വെക്കുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ ചിലര്‍ മൂക്കത്ത് വിരല്‍ വെക്കും. മറ്റുചിലര്‍ അത്ഭുതം കൊണ്ട് പരസ്പരം നോക്കും. കാരണം പട്ടിണി കിടന്നവന്റെ ഇപ്പോഴത്തെ പകിട്ട് അത്രമാത്രമുണ്ടല്ലോ. എങ്കിലും അത് കേള്‍ക്കുമ്പോ ചിലര്‍ക്ക് എവിടെയോ ഒരു പ്രതീക്ഷയുയരുന്നത് കാണാം. നാളെ നമുക്കും നല്ലൊരു കാലം വരുമെന്ന തോന്നലില്‍ മുന്നോട്ടോടാനുള്ള ഊര്‍ജം കിട്ടുന്നത് പോലെ. അവരിലൂടെയൊക്കെ ഞാനെന്റെ ജീവിതം മുന്നോട്ട് തുഴഞ്ഞു കൊണ്ടിരുന്നു.