ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ നേതാവായി നരേന്ദ്ര മോഡിയെ നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി.തുടര്‍ന്ന് നടന്ന പ്രസംഗത്തില്‍ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. ഇന്ത്യക്ക് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചുവെന്ന് ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. പാര്‍ലമെന്റിലേക്ക് പ്രവേശിച്ച മോഡിയെ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്. ഇതോടെ മോഡി മൂന്നാമതും പ്രധാനമന്ത്രയാകും. ബി.ജെ.പി.യുടെയും എന്‍.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളുടെ യോഗം പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലാണ് നടന്നത്. യോഗത്തില്‍ എന്‍.ഡി.എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തും. അതേസമയം സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. സ്പീക്കര്‍ സ്ഥാനം ടിഡിപിക്ക് നല്‍കുന്നതില്‍ ബിജെപി നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം ബിജെപി നല്‍കിയേക്കും. അതേസമയം സുരേഷ് ഗോപിയോട് കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം നിര്‍ദേശിച്ചതായാണ് സൂചന. നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മന്ത്രിസഭയിലേക്ക് സുരേഷ് ഗോപി എത്തുമെന്നാണ് വിവരം. മോദിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
