തോറ്റെങ്കിലും വോട്ടിംഗ് നിലയില്‍ കാസര്‍കോട്ട് ബി ജെ പി മുന്നേറ്റം; സിപിഎം പിന്നോട്ട്

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വോട്ടു കുറക്കാന്‍ ആ പാര്‍ട്ടിയുടെ കോട്ടകളില്‍ ശ്രമം നടന്നപ്പോള്‍ സിപിഎമ്മിന്റെ ചുവപ്പു കോട്ടകളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു വന്‍തോതില്‍ വോട്ടു കുറഞ്ഞു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ കുറഞ്ഞതിനെക്കാള്‍ വോട്ട് ചുവപ്പു കോട്ടകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടുലക്ഷത്തില്‍പ്പരം വോട്ടു നേടി പാര്‍ട്ടിക്ക് അഭിമാനകരമായ നേട്ടം ഉണ്ടാക്കിക്കൊടുത്തു. 2,19,558 വോട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ചത്.
അതേസമയം സിപിഎമ്മിന്റെ ചുവപ്പുകോട്ടകളായ നിയമസഭാ മണ്ഡലങ്ങള്‍ സിപിഎം സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണനു പാലം വലിച്ചു. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്കു 2019 ല്‍ 9854 വോട്ടാണ് ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതു 17688 വോട്ടായി ഉയര്‍ന്നു. അതേസമയം 2019 ല്‍ ഈ മാണ്ഡലത്തില്‍ 73542 വോട്ട് ലഭിച്ച സിപി എമ്മിന് ഇത്തവണ കിട്ടിയതു 65405 വോട്ടാണ്. അതായത് 2019ല്‍ കിട്ടിയതിനെക്കാള്‍ 8137 വോട്ട് കുറഞ്ഞു. കല്യാശ്ശേരിയില്‍ ഇങ്ങനെ സംഭവിച്ചപ്പോള്‍ സി പി എമ്മിന്റെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ മറ്റൊരു ശക്തി ദുര്‍ഗമായ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 2019 ല്‍ ലഭിച്ച വോട്ടില്‍ നിന്നു ഇത്തവണ 11,420 വോട്ടു കുറഞ്ഞു. 2019 ല്‍ 82861 വോട്ടു ലഭിച്ച ഇടതുമുന്നണിക്ക് ഇക്കുറി 71441 വോട്ടാണ് ലഭിച്ചത്. തൃക്കരിപ്പൂരിലും ഇതു തന്നെ സംഭവിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതു മുന്നണിക്കു 76403 വോട്ടു ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് 65,195 വോട്ടാണ്. 11208 വോട്ടിന്റെ കുറവ്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു 74791 വോട്ടു ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് 67121 വോട്ടാണ്. 7670 വോട്ടു കുറവ്.
ഉദുമ നിയമസഭാ മണ്ഡലത്തില്‍ 2019 ല്‍ 63387 വോട്ട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ 60489 വോട്ടാണ് കിട്ടിയത്. 2898 വോട്ട് കുറവ്. കാസര്‍കോട്ട്് 2019ല്‍ 28567 വോട്ടു കിട്ടി. ഈ തിരഞ്ഞെടുപ്പില്‍ 26162 വോട്ടും ലഭിച്ചു. 2405 വോട്ടു കുറവ്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 32796 വോട്ടു കിട്ടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ 30156 വോട്ടാണ് കിട്ടിയത്. 2640 വോട്ടു കുറഞ്ഞു.
ഇടതു മുന്നണിയുടെ സ്ഥിതി ഇങ്ങനെയായപ്പോള്‍ ബി ജെ പിക്കും അവരുടെ ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരത്തും കാസര്‍കോട്ടും നാമമാത്രമായാണ് വോട്ടു വര്‍ധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആരു ജയിച്ചാലും രണ്ടാംസ്ഥാനം നിലനിറുത്തുന്ന ബി ജെ പിക്കു ഇത്തവണയും അതിനു കഴിഞ്ഞു. എന്നാല്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബി ജെ പിക്കു ലഭിച്ച വോട്ടിനെക്കാള്‍ 75 വോട്ടാണ് ഇത്തവണ വര്‍ധിച്ചത്. കാസര്‍കോട്ട് 402 വോട്ടും വര്‍ധിച്ചു.
ബി ജെ പി കോട്ടകളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് ഈ അനുഭവം നേരിടേണ്ടി വന്നപ്പോള്‍ ചുവപ്പു കോട്ടയായ കല്യാശ്ശേരി ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനു കിട്ടിയതിനെക്കാള്‍ 7834 വോട്ടു കൂടി നല്‍കി. കഴിഞ്ഞ തവണ കല്യാശ്ശേരിയില്‍ നിന്നു ബി ജെ പിക്കു 9854 വോട്ടായിരുന്നു. ഇത്തവണ 17,688 വോട്ടു ലഭിച്ചു. സി പി എമ്മിന്റെ ശക്തി ദുര്‍ഗമായ പയ്യന്നൂരില്‍ ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പില്‍ 18466 വോട്ടു ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 9268 വോട്ടിന്റെ ഇരട്ടിയോളം. തൃക്കരിപ്പൂരില്‍ ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പില്‍ 17085 വോട്ടു ലഭിച്ചു. 2019 ല്‍ 8652 വോട്ടായിരുന്നു. കാഞ്ഞങ്ങാട്ട് ഈ തിരഞ്ഞെടുപ്പില്‍ 29301 വോട്ട് ബി ജെ പിക്കു ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20046 വോട്ടായിരുന്നു. ഉദുമയില്‍ ഈ തിരഞ്ഞെടുപ്പില്‍ 31245 വോട്ടു ലഭിച്ചു. 2019 ല്‍ 23786 വോട്ടായിരുന്നു. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ 47032 വോട്ട് ഇക്കുറി ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 46630 വോട്ടായിരുന്നു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ബി ജെ പിക്കു 57179 വോട്ടു ലഭിച്ചു. 2019 ല്‍ 57104 വോട്ടാണ് ലഭിച്ചിരുന്നത്. ബി ജെ പി കേന്ദ്രങ്ങളില്‍ ഉണ്ടായതിനെക്കാള്‍ മികച്ച വോട്ട് വര്‍ധന ബിജെപിക്കു കമ്മ്യൂണിസ്റ്റ് പാര്‍ടി കേന്ദ്രങ്ങളിലായിരുന്നു. അതേസമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്കു കാഞ്ഞങ്ങാടു നിയമസഭാ മണ്ഡലമൊഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടു കുറയുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു കാഞ്ഞങ്ങാടൊഴികെ ലോക്സഭാ മണ്ഡലത്തിലെ മറ്റ് ആറു നിയമസഭാ മണ്ഡലങ്ങളിലും വോട്ടിംഗ് നിലയില്‍ ഒന്നാം സ്ഥാനം നിലനിറുത്താന്‍ കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page