ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. ഹാസന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേല്‍ ഗൗഡ സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ 45,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. കര്‍ണാടകയില്‍ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയില്‍ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും മുന്നിട്ട് നില്ക്കുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസന്, കഴിഞ്ഞ തവണ ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. 2004 മുതല്‍ ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഹാസന്.
ലൈംഗിക പീഡന കേസാണ് ഒടുവില്‍ തിരിച്ചടിയായത്. പ്രതിയായ പ്രജ്വല്‍ 34 ദിവസം വിദേശത്ത് ഒളിവുജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയ ഇയാളെ വിമാനത്താവളം വളഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക കോടതി ഇയാളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജയിലില്‍ കഴിയവേയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.
33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്.
