ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തലേദിവസം ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയും കുടുംബവും ക്ഷേത്രത്തില്‍ എത്തി. തുലാഭാരവും അപൂര്‍വ്വ വഴിപാടായ അഞ്ചുപറയും ഭഗവാന് സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. അതേസമയം ക്ഷേത്ര ആചാരങ്ങളെല്ലാം പാലിച്ചുകൊണ്ട് വരി നിന്നാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ഉഷ സുരേഷ് അഞ്ചുവര്‍ഷം മുമ്പ് നേര്‍ന്ന വഴിപാട് സമര്‍പ്പിക്കാനാണ് അദ്ദേഹം എത്തിയത് എന്നാണ് വിവരം. വോട്ടെണ്ണലിന് തലേ ദിവസം സുരേഷ് ഗോപി അമ്പലത്തില്‍ എത്തുമെന്ന് പ്രചരണം ശക്തമായിരുന്നു. ക്ഷേത്രത്തിലെത്തിയ വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. ഭാര്യ രാധികയും മകന്‍ ഗോകുലും മറ്റു ബന്ധുക്കളും സുരേഷ് ഗോപിക്കൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു.