വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ ഇന്ന് തുറക്കുകയാണ്. അറിവിന്റെ ലോകത്തേക്ക് നിരവധി കുഞ്ഞുങ്ങള്‍ കാല്‍വയ്പ്പു നടത്തുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അവര്‍ക്ക് ആശംസയുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാനടൻ ലാലേട്ടന്‍. അദ്ദേഹത്തിന്റെ ആശംസാ വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
സന്തോഷപൂര്‍വമായ പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുകയാണ് അറിവിന്റെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ആശംസകളെന്നു പറഞ്ഞാണ് വീഡിയോ. മോഹൻലാലിന്റെ പഴയ സ്കൂൾ വിദ്യാഭ്യാസ അനുഭവവും പങ്കുവെച്ചിട്ടുണ്ട്.
അറിവ് വെളിച്ചമാണ്. കുട്ടിക്കാലത്ത് എല്ലാവര്‍ക്കും ഇരുട്ടിനെ ഭയമായിരിക്കും അതിന് കാരണം ഇരുട്ട് അജ്ഞാനമാണെന്ന് നടൻ പറയുന്നു. അജ്ഞാനത്തെ അകറ്റി അറിവ് നേടുമ്പോള്‍ നമ്മുടെ മനസിലും പ്രകാശം നിറയും അതോടെ ഭയമെല്ലാം നമ്മുടെ മനസില്‍ നിന്നും അകലുകയായി കുഞ്ഞുങ്ങളുടെ മനസില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന മഹത്തായ കര്‍മമാണ് അധ്യാപകര്‍ അനുഷ്ഠിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ അധ്യാപകര്‍ക്ക് കൂടി ആശംസകള്‍ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.