ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പല്ലു തേച്ചത് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം; നാല് കുട്ടികൾ തീവ്ര പരിചരണ വിഭാഗത്തിൽ

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരെ ആണ് ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വയസിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഞായറാഴ്ച രാവിലെയാണ് കുട്ടികൾ എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്. വീട്ടിൽ എലിയെ കൊല്ലാനായി വാങ്ങിവെച്ചിരുന്ന പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത്പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ എടുത്ത് പല്ലുതേക്കുകയായിരുന്നു.
കുട്ടികൾ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് അച്ഛനമ്മമാര്‍ വിവരമറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. ശേഷം ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്കും കുട്ടികളെ മാറ്റി. നിലവില്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നാല് കുട്ടികളും. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും കുട്ടികളെ നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page