പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; രക്ഷപ്പെട്ട പ്രതി വീണ്ടും തിരിച്ചെത്തി ഭാര്യാവീട്ടിലെ മച്ചില്‍ ഒളിച്ചു കഴിഞ്ഞത് അഞ്ചു ദിവസം!

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കുടക്, നാപോക് സ്വദേശി ഭാര്യാവീട്ടിലെ മച്ചിന്‍ പുറത്ത് ഒളിച്ചു കഴിഞ്ഞത് അഞ്ചു ദിവസം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍, അഡോണി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റിലായ പ്രതി സലീമിനെ കാഞ്ഞങ്ങാട്ടെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് ഇക്കാര്യം വ്യക്തമായത്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സലിം തട്ടിക്കൊണ്ട് പോയി അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ടത്. പൊലീസ് സമീപപ്രദേശങ്ങളിലെ സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടീ ഷര്‍ട്ടും പാന്റ്സും ധരിച്ച ഒരാള്‍ ബാഗും തൂക്കി നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാള്‍ കുടക് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ പൊലീസ് സംഘങ്ങള്‍ കര്‍ണ്ണാടകയില്‍ തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ പ്രതിയെ കണ്ടെത്തിയില്ല. ഇതിനിടയില്‍ ആന്ധ്രാപ്രദേശിയെ കര്‍ണൂല്‍ ജില്ലയില്‍ നിന്ന് പ്രതിയായ സലിം മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ച് പെണ്‍സുഹൃത്തിനെയടക്കമുള്ളവരെ വിളിച്ചതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം കര്‍ണൂലില്‍ എത്തി പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തി ഒളിവില്‍ കഴിയുന്ന സ്ഥലം തിരിച്ചറിയുകയും ചെയ്തു. പൊലീസ് സംഘം റെയില്‍വെ സ്റ്റേഷനില്‍ ക്യാമ്പ് ചെയ്താണ് ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ഇതിനിടയില്‍ പൊലീസുകാരനെ തള്ളിയിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി ഇന്നലെ രാത്രിയോടെ കാഞ്ഞങ്ങാട്ടെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൃത്യം നടത്തിയതിന് ശേഷം ഭാര്യാവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ വിവരം പ്രതി പൊലീസിനോട് പറഞ്ഞത്. ബാഗും തൂക്കി പോകുന്ന ദൃശ്യം ദേശീയപാത വരെയുള്ള വിവിധ സ്ഥലങ്ങളിലെ സിസിടിവികളില്‍ പതിഞ്ഞിരുന്നു. അതിന് ശേഷം എവിടെ പോയെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. പിന്നീട് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് പ്രതി മൊഴി നല്‍കിയപ്പോഴാണ് പൊലീസിന് എല്ലാം വ്യക്തമായത്. മറ്റൊരു വഴിയിലൂടെ ആരും കാണാതെ ഭാര്യാവീട്ടില്‍ തിരിച്ചെത്തി. ഭാര്യ പോലും കാണാതെ വീടിന്റെ തട്ടിന്‍പുറത്ത് കയറി ഒളിച്ചു. അഞ്ചു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ ഒളിവില്‍ കഴിഞ്ഞു. പിന്നീട് വന്ന രീതിയില്‍ തന്നെ തിരികെ പോയി കുടകിലെത്തി. അവിടെ നിന്നും മൈസൂരുവിലും ആന്ധ്രാപ്രദേശിലും എത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page