പ്ലാസ്റ്റിക് റിസൈക്ലിംഗ് കമ്പനിയിലെ മാലിന്യങ്ങൾ കുന്നുകൂടി; കോതോട്ടു – മോളവിനടുക്കം പ്രദേശവാസികൾ ആശങ്കയിൽ

കാസർകോട്: മടിക്കൈ പഞ്ചായത്ത് ആറാം വാർഡിലെ കോതോട്ടു – മോളവിനടുക്കം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ പ്ലാസ്റ്റിക് റിസൈക്ലിങ് കമ്പിനിയിൽ ലോഡ് കണക്കിന് അജൈവ മാലിന്യങ്ങൾ കെട്ടികിടക്കുന്നു. ഇത് പ്രദേശവാസികൾക്ക് ഭീഷണിയായി തുടരുന്നു. പ്ളാസ്റ്റിക്, മെഡിക്കൽ, കെമിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയാണ് കുന്നുകൂട്ടിയിരിക്കുന്നത്. ഇത് മൂലം പ്രദേശത്തെ മുഴുവൻ കുടിവെള്ള ശ്രോതസ്സിലേക്കു വൻതോതിൽ മലിന ജലം ഒഴുകി എത്തുന്നു. ചുറ്റുപാടുമുള്ള കിണറുകളിലെ വെള്ളത്തിൽ കലരുന്നതോട് കൂടി പകർച്ച വ്യാധി ഭീക്ഷണി കൂടി വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു. പ്രദേശത്തെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസങ്ങളുടെ സമരത്തിനൊടുവിൽ പഞ്ചായത്ത് കമ്പനിയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും മെയ് മാസവസാനത്തോട് കൂടി മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാനും നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. പക്ഷെ കമ്പനി ഉടമകൾ യാർഡിൻ്റെ ഗേറ്റ് പൂട്ടി ഒഴിഞ്ഞ് മാറുകയാണുണ്ടായത്. കൂട്ടായ്മ ഭാരവാഹികൾ പഞ്ചായത്ത് അധികൃതരെ നിരന്തരം ബന്ധപെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മടിക്കൈ പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെയും ജില്ല ശുചിത്വ മിഷൻ ഉദ്യോഗസ്ഥരെ വി വരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ജില്ലയിൽ മടിക്കൈ ഉൾപ്പെടെ മഞ്ഞപിത്തം പടർന്ന് പിടിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ കമ്പനി നാട്ടുകാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാലവർഷം തുടങ്ങുന്നതിന് മുമ്പ് പുറംപ്രദേശത്ത് കൂട്ടിയിരിക്കുന്നവ യാർഡിലെ ഷെഡിലേക്ക് മാറ്റുകയാണെങ്കിൽ പ്രശ്നത്തിന് താൽകാലിക പരിഹാരമാകുമെന്നും കുട്ടായ്മ ഭാരവാഹികൾ അധികൃതരെ അറിയിച്ചു. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുട്ടായ്‌മ പ്രവർത്തകർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page