ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി കൊല്ലപ്പെട്ടു? അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ കണ്ടെത്തി; രക്ഷപ്പെട്ടതിന്റെ സൂചനയില്ല

ടെഹ്‌റാന്‍: ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്നലെ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി (63) കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. കത്തിനശിച്ച ഹെലി കോപ്ടറിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നും എന്നാല്‍ ഹെലികോപ്ടറിലുണ്ടായിരുന്ന ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷാദൗത്യസംഘം അറിയിച്ചു. ഇറാന്‍ ദേശീയ ടെലിവിഷനും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീര്‍ അബ്‌ദൊള്ളാഹിയാന്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നു.
ജനങ്ങള്‍ ആത്മസംയമനത്തോടെ സമാധാനപരമായിരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമൈനി ജനങ്ങളോടാഹ്വാനം ചെയ്തു.
അതേസമയം അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഇറാന്‍ പ്രസിഡന്റിനും വിദേശകാര്യമന്ത്രിക്കും പുറമെ മൂന്ന് ഉദ്യോഗസ്ഥന്മാരും ഒരു ഇമാമും വിമാന ജീവനക്കാരും പ്രസിഡന്റിന്റെ സുരക്ഷാ ജീവനക്കാരുമാണുണ്ടായിരുന്നതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെക്കുറിച്ചും സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകട സ്ഥലത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അശങ്കാജനകമാണെന്നു ഒരു ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ടു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കനത്ത മൂടല്‍ മഞ്ഞിലൂടെ സുരക്ഷാ വാഹനം പോകുന്നതിന്റെ ദൃശ്യവും കാണിക്കുന്നുണ്ട്. കനത്ത മൂടല്‍മഞ്ഞും കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കുന്നതായും സൂചനയുണ്ട്.

.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page