കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപത്തെ മുണ്ടക്കാല്‍ ഫൈസല്‍ മന്‍സിലില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് 40 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയത്. ഇരുനില വീടാണിത്.
ഇബ്രാഹിമും കുടുംബവും മജലിലുള്ള മകളുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇബ്രാഹിമിന്റെ മകന്‍ ഇല്യാസിന്റെ ഭാര്യയുടേതാണ് സ്വര്‍ണം. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. മറ്റൊരു സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മച്ചമ്പാടി, സി.എം നഗറിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടില്‍ നിന്ന് 9 പവനും 9 ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. വീടുപൂട്ടി ഇബ്രാഹിം ഖലീല്‍ നാലു ദിവസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. സഹോദരന്‍ അബൂബക്കര്‍ സിദ്ദിഖ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. അകത്ത് കയറി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്നതു വ്യക്തമായത്. മുകള്‍ നിലയിലെ കിടപ്പു മുറിയുടെ അലമാരയുടെ ലോക്കര്‍ എടുത്തു മാറ്റിയിരുന്നു. ലോക്കറിനകത്തുണ്ടായിരുന്ന 9 ലക്ഷം രൂപ, റാഡോവാച്ച്, സ്വര്‍ണ്ണവളകള്‍, മാലകള്‍, നാണയം, രേഖകള്‍ എന്നിവയാണ് നഷ്ടമായത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വീട്ടിലെ സിസിടിവിയിമോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് തെളിച്ച് വീട്ടിനകത്ത് പരിശോധിക്കുന്നതും ദൃശ്യത്തിലുണ്ട്.