കുറ്റപ്പെടുത്തലും സൈബർ ആക്രമണവും ഓവറായി; അപ്പാര്‍ട്മെന്‍റിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്‍റെ അമ്മ ജീവനൊടുക്കി

കോയമ്പത്തൂര്‍: അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് വീണിട്ടും രക്ഷപ്പെട്ട ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ബന്ധുക്കളുടെയും സൈബര്‍ സംഘത്തിന്റെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ താങ്ങാനാകാതെ ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരി രമ്യയെയാണ് വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 33 വയസ്സായിരുന്നു. തിരുവാരൂര്‍ സ്വദേശി വെങ്കിടേഷ് ആണ് ഭര്‍ത്താവ്. കുഞ്ഞിന് സംഭവിച്ച അപകടത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു രമ്യ വീട്ടില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ മാസം 28ന് തിരുമില്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില്‍ നിന്നു കുഞ്ഞ് അബദ്ധത്തില്‍ താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വീഡിയോ വൈറലായതോടെ യുവതി അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. രമ്യയുടെ ബന്ധുക്കളും കുറ്റപ്പെടുത്തി. ഓഫീസില്‍ നിന്നും സഹപ്രവര്‍ത്തകരും കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ മാനസികമായി തളര്‍ന്നു. കടുത്ത ഡിപ്രഷനിലേക്ക് കടന്ന രമ്യ ചികിത്സയിലായിരുന്നു. രമ്യയും രണ്ട് മക്കളും രണ്ടാഴ്ച്ച മുന്‍പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് കൂടാതെ അഞ്ച് വയസ്സുള്ള മകനുമുണ്ട്.

2 Comments

  1. ഇപ്പോൾ എല്ലാവർക്കും തൃപ്തിയായല്ലോ, കുട്ടികൾ അനാഥരായപ്പോൾ

  2. ഇപ്പോൾ എല്ലാവർക്കും തൃപ്തിയായല്ലോ കുട്ടികൾ അനാഥരായപ്പോൾ

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page