ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നു ഉയരവെ വിമാനത്തിൽ തീ; അടിയന്തിരമായി നിലത്തിറക്കി; യാത്രക്കാർ പരിഭ്രാന്തരായി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1132 വിമാനത്തിൽ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ ഒഴിവായത് വൻ ദുരന്തം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരുക്കേറ്റു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി.
ശനിയാഴ്ച രാത്രി 7.40ന് പുണെയിൽനിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെടവേ വിമാനം പറന്നുയർന്ന് 4 മിനിറ്റിനുശേഷം ചിറകിനടിയിൽ തീ പടരുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ഇന്നലെ മറ്റൊരു സംഭവവും നടന്നിരുന്നു. 137 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.50നു പുറപ്പെട്ട വിമാനത്തിലെ ക്യാബിൻ മർദസംവിധാനം തകരാറിലായതോടെ ഓക്സിജൻ മാസ്കുകൾ പുറത്തുവന്നു. ചിലർക്കു ശ്വാസതടസ്സമുണ്ടായി. സുരക്ഷിതമായി ഇറക്കിയ വിമാനത്തിൽനിന്നു യാത്രക്കാരെ പുറത്തെത്തിച്ച ശേഷം തകരാർ പരിഹരിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page